പരപ്പനങ്ങാടി ഫിഷിങ് ഹാര്‍ബർ; പുലിമുട്ട് നിര്‍മാണം പുരോഗമിക്കുന്നു; യാഥാര്‍ഥ്യമാകുന്നത് ഇരു വശത്തും ലേലപ്പുരയുള്ള വലിയ ഹാര്‍ബർ
പരപ്പനങ്ങാടി:മത്സ്യത്തൊഴിലാളികളുടെ ചിരകാല അഭിലാഷമായ പരപ്പനങ്ങാടി ഫിഷിങ് ഹാര്‍ബറിനായി പുലിമുട്ട് നിര്‍മാണം പുരോഗമിക്കുന്നു. പരപ്പനങ്ങാടി ചാപ്പപ്പടി- ചെട്ടിപ്പടിഅങ്ങാടി കടപ്പുറങ്ങള്‍ക്കിടയിലായി 600 മീറ്റര്‍ നീളത്തില്‍ ഇരുവശത്തും ലേലപ്പുരയും ബോട്ട് ജെട്ടിയുമുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയ ഹാര്‍ബറാണ് യാഥാര്‍ഥ്യമാകുന്നത്. ഇരുവശത്തും ലേലപ്പുര, ലോക്കര്‍ റൂം, ടോയ്‌ലറ്റുകള്‍, കാന്റീന്‍, വിശ്രമകേന്ദ്രം, ശുദ്ധജല വിതരണ സംവിധാനം എന്നീ സൗകര്യങ്ങളും ഹാര്‍ബറിലുണ്ടാകും. കിഫ്.ബി മുഖേന അനുവദിച്ച 112.35 കോടി രൂപ വിനിയോഗിച്ചാണ് ഫിഷിങ് ഹാര്‍ബര്‍ നിര്‍മിക്കുന്നത്. ഇതിന് മുന്നോടിയായി തെക്ക് ഭാഗത്ത് 1410 മീറ്ററും വടക്ക് ഭാഗത്ത് 785 മീറ്ററും ദൈര്‍ഘ്യമുള്ള പുലിമുട്ട് സ്ഥാപിക്കുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. തെക്ക് ഭാഗത്ത് ചാപ്പപ്പടിയിലും വടക്ക് ഭാഗത്ത് അങ്ങാടിയിലും പുലിമുട്ട് നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. 30 മാസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് തീരുമാനമെന്നാണ് നേരത്തേ ഹാര്‍ബര്‍ എഞ്ചിനീയറിങ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍.കെ മുഹമ്മദ് കോയ പറഞ്ഞിരുന്നത് എന്നാൽ ലോക് ഡൗണിനെ തുടർന്നും മറ്റു സാങ്കേതിക പ്രശ്നം കാരണവും നിർമാണം പൂർത്തീകരിക്കാൻ മൂന്ന് വർഷമെങ്കിലും ആവശ്യമാണ്. ജില്ലയിലെ മത്സ്യത്തൊഴിലാളികളില്‍ ഏറെ പേരും മത്സ്യബന്ധനത്തിന് പൊന്നാനി, ചാലിയം മേഖലകളെയാണ് ആശ്രയിക്കുന്നത്. പരപ്പനങ്ങാടിയിലും താനൂരും ഫിഷിങ് ഹാര്‍ബര്‍ ഒരുങ്ങുന്നതോടെ അധിക പണം ചെലവഴിച്ചും ഏറെ ദൂരം യാത്ര ചെയ്തും മത്സ്യ ബന്ധനത്തിന് പോകേണ്ട ബുദ്ധിമുട്ടിന് പരിഹാരമാകും. മത്സ്യ ബന്ധനത്തിനിടെയുള്ള അപകടങ്ങളും ആളപായവും ഇല്ലാതാക്കാനും ബോട്ടുകള്‍ തകരുന്നത് ഒഴിവാക്കാനും ഇതു വരുന്നതോടെ സാധിക്കും.