തുഞ്ചന്‍ പറമ്പില്‍ വിദ്യാരംഭമില്ല


തിരൂര്‍: കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ഇക്കുറി കുട്ടികളെ എഴുത്തിനിരുത്തില്ല. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തിവരാറുള്ള തുഞ്ചന്‍ വിദ്യാരംഭം കലോത്സവവും ഉണ്ടാവില്ല. മലപ്പുറം ജില്ലയില്‍ രോഗവ്യാപനം രൂക്ഷമായതിനാലും സംസ്ഥാനത്ത് നിരോധനാജ്ഞ നിലവിലുള്ളതിനാലുമാണ് ഇത്തരം തീരുമാനം കൈക്കെണ്ടതെന്ന് തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എം.ടി. വാസുദേവന്‍നായരും സെക്രട്ടറി പി. നന്ദകുമാറും അറിയിച്ചു.

തുഞ്ചന്‍ പറമ്പില്‍ വിദ്യാരംഭം നടക്കാത്ത സാഹചര്യത്തില്‍ ഇത്തവണ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇപ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികള്‍ക്ക് എം.ടി. വാസുദേവന്‍നായരുടെ അനുഗ്രഹ ഭാഷണത്തിന്റെ ലിങ്ക് വിദ്യാരംഭ ദിവസം രാവിലെ നല്‍കും. കുട്ടികള്‍ക്ക് വീടുകളില്‍ വിദ്യാരംഭം നടത്താവുന്നതാണ് കൂടാതെ സാക്ഷ്യപത്രവും അക്ഷരമാല കാര്‍ഡും ഹരിനാമകീര്‍ത്തനവും തപാലില്‍ അയച്ചുകൊടുക്കും.

ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി ദിവസങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ടു മാത്രമേ തുഞ്ചന്‍ പറമ്പില്‍ പ്രവേശനം അനുവദിക്കൂ. നിരോധനാജ്ഞയുടെ പശ്ചാത്തലത്തില്‍ ഒരേ സമയം അഞ്ചുപേരില്‍ കൂടുതല്‍ പ്രവേശിപ്പിക്കില്ല. ഒക്ടോബര്‍ 31 വരെ തുഞ്ചന്‍ പറമ്പില്‍ പതിവു വിദ്യാരംഭം ചടങ്ങളുകളും ഉണ്ടാവില്ലെന്ന് ട്രസ്റ്റ് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2422213, 2429666