കൂട്ടായി സംഘർഷം; രണ്ടു പേർ കസ്റ്റഡിയിൽ; കൊല്ലപ്പെട്ട യാസർ അറഫാത്തിൻ്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും

തിരൂർ: കൂട്ടായി മാസ്റ്റർ പടിയിൽ ഇന്നലെ രാത്രിയിൽ ഇരു സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർ പൊലീസ് കസ്റ്റഡിയിൽ . കൊല്ലപ്പെട്ട ചേലക്കൽ യാസർ അറഫാത്തി(26)നെ ആക്രമിച്ച കേസിൽ ഏനിൻ്റെ പുരക്കൽ അബൂബക്കറി(60)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയേക്കും.
യാസർ അറഫാത്തിനോടൊപ്പം അബൂബക്കറിൻ്റെ വീട്ടിലെത്തി ആക്രമിച്ച കേസിൽ സംഘത്തിൽപ്പെട്ട കുട്ട്യായിൻ്റെ പുരക്കൽ ഫഹദ് (23)നെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷത്തിൽ കൈവിരലിന് പരുക്കേറ്റ ഫഹദ് ഇന്നലെ രാത്രി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. പൊലീസ് കസ്റ്റഡിയിൽ ചികിത്സയിലാണിപ്പോൾ ഫഹദ്.

അബൂബക്കറിന് പുറമെ മക്കളായ ഷമീം (24), സജീഫ് (26)എന്നിവരും കൊലപാതക കേസിൽ പ്രതികളാണ്. ഇവർ ഗുരുതര പരുക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഷമീമിൻ്റെ കൈ അറ്റ നിലയിലും സജീഫിന് തലയിലും കൈകാലുകൾക്കുമാണ് പരുക്ക്.

യാസറിനും ഫഹദിനും പുറമെ ഏഴംഗ സംഘമാണ് മാരകായുധങ്ങളുമായി വീട്ടിലെത്തി ആക്രമണം നടത്തിയതെന്ന് അബൂബക്കറിൻ്റെ കുടുംബം പൊലീസിൽ മൊഴി നൽകി. മറ്റു പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

കൊല്ലപ്പെട്ട യാസർ അറഫാത്തിന് തലയിയും തുടയിലുമാണ് വെട്ടേറ്റത്. വീട്ടുകാരും തിരിച്ച് ആക്രമിച്ചതോടെ സംഘം ചിതറിയോടുകയായിരുന്നു. ആഴത്തിൽ വെട്ടേറ്റ യാസർ വീടിൻ്റെ മതിലിനുള്ളിൽ നിന്നും പുറത്തേക്ക് ചാടിക്കടന്ന് ഓടാൻ ശ്രമിച്ചെങ്കിലും താഴെ വീഴുകയായിരുന്നു. പൊലീസ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും രക്തം വാർന്ന് മരണം സംഭവിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.