മാസ്‌കില്ലാതെ മോഹന്‍ലാലിന്റെ മാസ് എന്‍ട്രി; വിമര്‍ശനം

തൊടുപുഴ: മാസ്‌കില്ലാതെയുള്ള മോഹന്‍ലാലിന്റെ മാസ് എന്‍ട്രിക്ക് സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. മോഹന്‍ലാലിന്റെ ദൃശ്യം 2 ലൊക്കേഷനിലേക്കുള്ള വരവാണ് വീഡിയോയില്‍. കാറില്‍ നിന്ന് ഇറങ്ങി മാസ്‌ക് ഊരിമാറ്റി നടന്നു വരുന്നതിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. 15 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ ആരാധകരെ ആവേശത്തിലാഴ്ത്തി. എന്നാല്‍ മാസ്‌ക് ഊരിമാറ്റുന്ന മോഹന്‍ലാല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി.

തൊടുപുഴയിലാണ് ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ദൃശ്യത്തില്‍ ജോര്‍ജു കുട്ടിയുടെ വീടായിരുന്ന വഴിത്തല സ്വദേശി മഠത്തിപ്പറമ്പില്‍ ജോസഫിന്റെ വീടു തന്നെയാണ് ഇത്തവണയും പ്രധാന ലൊക്കേഷന്‍. ഈ വീടിന്റെ ഗേറ്റ് കടന്ന് മോഹന്‍ലാലിന്റെ പുതിയ വാഹനമായ ടൊയോട്ട വെല്‍ഫയര്‍ കാര്‍ എത്തുന്നതാണ് വിഡിയോയില്‍ കാണുന്നത്. വെള്ള ഷര്‍ട്ടും ബ്ലാക്ക് ജീന്‍സും ധരിച്ച് ഇറങ്ങി വരികയാണ് മോഹന്‍ലാല്‍. കാറില്‍ നിന്ന് ഇറങ്ങുമ്പോള്‍ തന്നെ മുഖത്തുവച്ചിരുന്ന മാസ്‌കും ഊരുന്നുണ്ട്.

സ്‌റ്റൈലന്‍ എന്‍ട്രിയെ വൈറലാവുന്നതിന് ഇടയില്‍ താരത്തിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. വിഡിയോയില്‍ താരം മാസ്‌ക് കൈകാര്യം ചെയ്യുന്ന രീതിയാണ് വിമര്‍ശിക്കപ്പെടുന്നത്. കാറില്‍ നിന്ന് ഇറങ്ങുമ്പോള്‍ തന്നെ മാസ്‌ക് ഊരി മാറ്റിയ താരം കൈകൊണ്ട് മുഖം തുടക്കുന്നതും കാണാം. അണിയറ പ്രവര്‍ത്തകരും മറ്റും ചുറ്റും നില്‍ക്കുമ്പോഴാണ് താരം ഇത്തരത്തില്‍ മാസ്‌ക് മാറ്റിയത്. കൊറോണ രൂക്ഷമാകുന്ന സാഹചര്യത്തില്‍ മാസ്‌കിന്റെ ഉപയോഗം ശ്രദ്ധിക്കണമെന്നാണ് വിമര്‍ശനം.