പൊലീസിനു നേരെ മണൽ മാഫിയയുടെ ആക്രമണം

കുറ്റിപ്പുറം: ഞായറാഴ്ച പുലർച്ചെ കുറ്റിപ്പുറം ഹൈവെ ജംഗ്ഷന് സമീപത്ത് വച്ച് മണൽ ലോറി പിടികൂടിയ സിവിൽ പൊലീസ് ഓഫീസർ ജോർജിനെയാണ് കാറിലെത്തിയ സംഘം ആക്രമിച്ചത്. ലോറി പിടികൂടിയപ്പോൾ ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടിരുന്നു. സ്റ്റേഷനിലേക്ക് വിളിച്ച് മണൽ ലോറി കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് വെള്ള സിഫ്റ്റ് കാറിലെത്തിയ സംഘം പൊലീസുകാരനെ ആക്രമിച്ച് ലോറിയുമായി കടന്നത്. ജോർജ് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പൊലീസുകാരനെ ആക്രമിച്ച പ്രതികളെത്തിയ കാർ പൊലീസ് പേരശനൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തു. പ്രതികളായ പേരശനൂർ സ്വദേശി തെക്കഞ്ചേരി നൗഫൽ, പാഴൂർ വെട്ടിക്കാട്ടിൽ അബ്ദുട്ടി, പൊൽപ്പാക്കര കുട്ടത്ത് വീട്ടിൽ സജീ മോൻ എന്നിവരെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയതായി സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ശശീന്ദ്രൻ മേലഴിൽ പറഞ്ഞു.