സിമൻെറ് വ്യാപാരികൾ സമരത്തിലേക്ക്…
പാലക്കാട്: വൻതോതിൽ വില വർധിപ്പിച്ച നടപടി പിൻവലിക്കുക, സിമന്റ് വ്യാപാരികളിൽ നിന്നും അന്യായമായി പിടിച്ചു വെച്ച തുകകൾ തിരിച്ചു നൽകുക, തല തിരിഞ്ഞ ബില്ലിംഗ് സമ്പ്രദായം നിർത്തലാക്കുക, വ്യാപാരത്തിൽ വ്യക്തതയും സുതാര്യതയും ഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളാ സിമന്റ് ഡീലേഴ്‌സ് അസോസിയേഷൻ (KCDA) സംസ്ഥാന വ്യാപകമായി അൾട്രാ ടെക്, ACC, രാംകോ, ഇന്ത്യാ സിമന്റ്‌സ്, ഡാൽമിയ, ചെട്ടിനാട്, JSW, പെന്ന, ഭാരതി, ബിർള ശക്തി, JK, പ്രിയ തുടങ്ങിയ കമ്പനികളുടെ സിമന്റ് വാങ്ങുന്നത് ഒക്ടോബർ 12 മുതൽ നിർത്തിവെക്കും.
കോവിഡ് ലോക്ക്ഡൗണിനു ശേഷം കടകൾ തുറന്നപ്പോൾ വൻതോതിൽ വില വർധിപ്പിച്ചുകൊണ്ട് ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന രീതിയാണ് കമ്പനികൾ സ്വീകരിച്ചത്. എന്നാൽ പിന്നീട് ഡിമാൻഡ് കുറഞ്ഞതോടെ ക്രമനുഗതമായി മാർക്കറ്റിൽ വില കുറയുകയും അത് കമ്പനികൾക്ക് തന്നെ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ബില്ലിൽ കുറവ് വരുത്താതെ തന്നെ ഡീലർമാരോട് വില കുറച്ചു വില്പന നടത്താൻ സമ്മതം നൽകുകയും ഇപ്രകാരം ഡീലർമാർക്കുണ്ടാകുന്ന നഷ്ടം വില വ്യത്യാസം ആനുകൂല്യം ഡീലർമാർക്ക് നൽകും എന്നുമാണ് കമ്പനികൾ അറിയിച്ചിരുന്നത്.
എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഒരു രൂപ പോലും ഈ ഇനത്തിൽ നൽകിയില്ല എന്ന് മാത്രമല്ല ഡീലർമാരെ ഭീമമായ കടക്കെണിയിലേക്ക് തള്ളിവിടുന്ന നടപടികളുമായാണ് കമ്പനികൾ മുന്നോട്ട് പോകുന്നത്.
അതോടൊപ്പം തന്നെ വില വീണ്ടും വർധിപ്പിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. ഉപഭോക്താക്കളെയും ഡീലർമാരെയും ദ്രോഹിക്കുന്ന രീതിയിലുള്ള കമ്പനികളുടെ നടപടികൾക്കെതിരെയാണ് വ്യാപാരികൾ ഇത്തരം കമ്പനികളിൽ നിന്നും സിമന്റ് എടുക്കുന്നത് നിർത്തിവെച്ചുകൊണ്ടുള്ള സമരവുമായി മുന്നോട്ട് പോകാൻ നിർബന്ധിതരായാതെന്നും, ഉപഭോക്താക്കളും സിമന്റ് വ്യാപാരികളും സഹകരിക്കണമെന്നും
KCDA സംസ്ഥാന പ്രസിഡന്റ് ശ്രീ MR ഫ്രാൻസിസ്, ജനറൽ സെക്രട്ടറി MV സക്കീർ ഹുസൈൻ എന്നിവർ അറിയിച്ചു