കോവിഡില്‍ പുതിയ പഠനം; മൊബൈല്‍, കറന്‍സി തുടങ്ങിയ വസ്തുക്കളില്‍ വൈറസ് 28 ദിവസം വരെ
ബ്രിസ്ബെയ്ന്‍: കോവിഡ് വൈറസിന്റെ അതിജീവനം സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുമായി ആസ്‌ട്രേലിയയിലെ നാഷണല്‍ സയന്‍സ് ഏജന്‍സി(സിഎസ്ഐആര്‍ഒ)യുടെ പഠനം. കറന്‍സി നോട്ടുകളിലും മൊബൈല്‍ ഫോണ്‍ പ്രതലങ്ങളിലും അനുകൂല താപനിലയില്‍ കൊവിഡ് വൈറസ് 28 ദിവസം വരെ നിലനില്‍ക്കുമെന്നതാണ് പുതിയ ഗവേഷണം.
ലോകരാജ്യങ്ങളെ പിടിച്ചുലച്ച കൊവിഡ് വൈറസിനെക്കുറിച്ച് വിവിധ രാജ്യങ്ങളില്‍ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് വൈറസിനെതിരെ കടുത്ത ജാഗ്രതതന്നെ വേണമെന്ന് തുറന്നുകാട്ടുന്ന പഠനം പുറത്ത് വന്നത്. തുടര്‍ച്ചയായി കൈകള്‍ കഴുകുന്നതിന്റെയും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിന്റെയും പ്രാധാന്യം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പഠന റിപ്പോര്‍ട്ട്.
20 ഡിഗ്രി സെല്‍ഷ്യസില്‍ (68 ഡിഗ്രി ഫാരന്‍ഹീറ്റ്) കൊവിഡ്-19 വൈറസ് 28 ദിവസം വരെ നിലനില്‍ക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ സ്‌ക്രീനുകള്‍ പോലുള്ള സുഗമമായ പ്രതലങ്ങളിലും ഗ്ലാസ്, കറന്‍സി, സ്റ്റെയിന്‍ലസ് സ്റ്റീലിലുമെല്ലാം വൈറസിന് ഇത്രയും കാലം നിലനില്‍ക്കാനാകുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. വൈറോളജി ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതേസമയം നേരിട്ട് സൂര്യ പ്രകാശം ലഭിക്കുന്ന സ്ഥലത്തല്ല മറിച്ച് ഇന്റോര്‍ സ്ഥലങ്ങളിലാണ് ഈ പഠനം നടന്നതെന്നും ഗവേഷകര്‍ പറയുന്നു.
കൊറോണ വൈറസിന് ഒരു വസ്തുവിന്റെ ഉപരിതലത്തില്‍ എത്രനേരം നിലനില്‍ക്കാന്‍ സാധിക്കും എന്നറിയുക ലക്ഷ്യമിട്ടായിരുന്നു പരീക്ഷണം. ഇതിനായി ഇരുട്ടില്‍ മൂന്നുതാപനിലകളിലാണ് സിഎസ്ഐആര്‍ഒയിലെ ഗവേഷകര്‍ പരീക്ഷണം നടത്തിയത്. ചൂട് കൂടുന്നതിന് അനുസരിച്ച് വൈറസിന്റെ അതിജീവന നിരക്ക് കുറഞ്ഞുവരുന്നതായി കണ്ടെത്തിയെന്ന് ഗവേഷകര്‍ പറയുന്നു. അന്തരീക്ഷ ഈര്‍പ്പം അമ്പതുശതമാനത്തില്‍ നിലനിര്‍ത്തിക്കൊണ്ടായിരുന്നു പരീക്ഷണം. ആര്‍ദ്രത വര്‍ധിക്കും തോറും വൈറസിന്റെ അതിജീവനശേഷി കുറയുമെന്നും കണ്ടെത്തിയിട്ടുണ്ട്