എന്നു വരും തീരദേശ പോലീസ് സ്‌റ്റേഷൻ ?
കൂട്ടായി: തിരൂർ പോലീസ് സ്‌റ്റേഷൻ വിഭജിച്ച് തീരദേശത്ത് പുതിയ സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തൊണ്ണൂറുകൾ മുതൽ ഉയർന്നു വന്ന ആവശ്യമാണ് തീരദേശം കേന്ദ്രീകരിച്ച് പോലീസ് സ്‌റ്റേഷൻ വേണമെന്നത്. എന്നാൽ മാറി വന്ന എൽഡിഎഫ്-യുഡിഎഫ് സർക്കാരുകൾ ഇക്കാര്യത്തിൽ തികഞ്ഞ നിസംഗത തുടരുകയാണ്. മലപ്പുറം ജില്ലയിലെ ഏറ്റവും വിസ്തൃതിയുള്ള പോലീസ് സ്‌റ്റേഷനാണ് തിരൂർ. കേസുകളുടെ എണ്ണത്തിലും മുന്നിൽ തന്നെ. തിരൂർ പോലീസ് സ്‌റ്റേഷനിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും തീരദേശത്തു നിന്നാണ്. എന്നിട്ടും തുടരുന്ന അലംഭാവത്തിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. കൊലപാതകം, കൊലപാതക ശ്രമം, അടിപിടി, മോഷണം, പോക്‌സോ, സ്ത്രീകൾക്കെതിരെയുള്ള അക്രമം തുടങ്ങി നിരവധി കേസുകളാണ് തീരമേഖലയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ 30 വർഷത്തിനിടെ നിരവധി കൊലപാതകങ്ങളും ഈ മേഖലയിൽ നടന്നിട്ടുണ്ട്. ഇവയിൽ കൂടുതലും രാഷ്ട്രീയ കൊലപാതകങ്ങളായിരുന്നു. ഏറ്റവും ഒടുവിൽ നടന്ന കൊലപാതകത്തിൽ രാഷ്ട്രീയമില്ലെങ്കിലും തീരദേശത്തെ സാമൂഹ്യവിരുദ്ധ പ്രർത്തനങ്ങളിലേയ്ക്കാണ് വിരൽചൂണ്ടുന്നത്. അഞ്ചു പഞ്ചായത്തുകളും മുൻസിപ്പാലിറ്റിയും പൂർണമായും 2 പഞ്ചായത്തുകൾ ഭാഗികമായും ചേർന്ന ഭൂപ്രദേശമാണ് തിരൂർ പോലീസ് സ്‌റ്റേഷൻ പരിധി. പോലീസ് സ്‌റ്റേഷൻ നിൽക്കുന്നതാകട്ടെ മേഖലയുടെ ഒരറ്റത്തും. തിരൂർ നഗരത്തിൽ നിന്നും…… കിലോമീറ്ററുണ്ട് കൂട്ടായി പടിഞ്ഞാറേക്കരയിലേയ്ക്ക്. ഒരു സംഭവമുണ്ടാകുമ്പോൾ ഇത്രയേറെ ദൂരം താണ്ടി വേണം പോലീസിനെത്താൻ. ഈ സാഹചര്യത്തിലായിരുന്നു 30 വർഷം മുൻപ് പോലീസ് സ്‌റ്റേഷനായി ആവശ്യമുയരുന്നത്. പത്തു തവണ പോലീസ് സ്‌റ്റേഷനായി വിശദ റിപ്പോർട്ട് സമർപ്പിച്ചതാണ്. ഏറ്റവും ഒടുവിൽ 2015ലും റിപ്പോർട്ട് സമർപ്പിച്ചെങ്കിലും തുടർനടപടികളുണ്ടായില്ല. സ്ഥലം, ഘടന, സ്റ്റാഫുകളുടെ എണ്ണം എന്നിവ സംബന്ധിച്ചൊക്കെ വിശദ റിപ്പോർട്ട് സമർപ്പിച്ചതാണ്. 2020 ൽ ഈ ആവശ്യം വീണ്ടും ഉയർന്നതോടെ വീണ്ടും സർക്കാർ റിപ്പോർട്ട് തേടിയിരുന്നു. എന്നാൽ പിന്നീട് നടപടികളൊന്നുമുണ്ടായില്ല. തീരദേശ സ്റ്റേഷനു ശേഷം റിപ്പോർട്ട് സമർപ്പിച്ച പൂക്കോട്ടുപാടത്തും കാടാമ്പുഴയിലും പോലീസ് സ്‌റ്റേഷൻ യാഥാർഥ്യമായിക്കഴിഞ്ഞു. എന്നിട്ടും തിരൂർ തീരദേശ പോലീസ് സ്‌റ്റേഷന്റെ കാര്യത്തിൽ മാത്രം സർക്കാർ അലംഭാവം തുടരുകയാണ്.
ഇത്രയേറെ വിസ്തൃതിയും കേസുകളുമുള്ള ജില്ലയിലെ ഏറ്റവും വലിയ പോലീസ് സ്‌റ്റേഷനിൽ 16 പോലീസുകാരുടെ കുറവാണുള്ളത്. ഇതും നികത്തിയിട്ടില്ല.
വാടിക്കലിൽ പോലീസ് സ്‌റ്റേഷൻ നിർമാണത്തിന് റവന്യൂ വകുപ്പ് 50 സെന്റ് സ്ഥലം നൽകാമെന്നു വ്യക്തമാക്കിയതാണ്. ഇതുകൂടാതെ കൂട്ടായി, മാസ്റ്റർപടി, ഉണ്ണ്യാൽ എന്നിവിടങ്ങളും പോലീസ് സ്‌റ്റേഷനായി സ്ഥലം നോക്കിയിരുന്നു. പടിഞ്ഞാറേക്കര മുതൽ താനൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള അഞ്ചുടി, പുതിയകടപ്പുറം, ഉണ്യാൽ എന്നീ മേഖലകളെയും ചേർത്താണ് പുതിയ തീരദേശ പോലീസ് സ്‌റ്റേഷന്റെ പരിധി നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ വിശദറിപ്പോർട്ടുകൾ സർക്കാരിന്റെ മേശപ്പുറത്തെത്തിയിട്ടും നടപടി വൈകുന്നതിനു പിന്നിൽ ചില രാഷ്ട്രീയ താത്പര്യങ്ങളാണെന്നും ആക്ഷേപമുണ്ട്. തീരദേശത്ത് സമാധാനം പുന:സ്ഥാപിക്കാൻ പോലീസ് സ്‌റ്റേഷൻ സ്ഥാപിക്കുക മാത്രമാണ് ഏക പോംവഴിയെന്നാണ് പോലീസ് ഉദ്യോഗസ്ഥരും പറയുന്നത്. ഇനി സർക്കാർ കനിവിനായി കാത്തിരിക്കുകയാണ് തീരദേശ ജനത.