മാറ്റി വച്ചേ തീരൂ..വികസനവിരുദ്ധ രാഷ്ട്രീയക്കളി

വികസനകാര്യങ്ങളിൽ രാഷ്ട്രീയം മാറ്റി വയ്ക്കണം എന്ന ആശയം പ്രകടിപ്പിക്കുന്നവരാണ് നമ്മുടെ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളെല്ലാം. കയ്യിൽ അധികാരം വന്നു പെട്ടാൽ പിന്നെ രാഷ്ട്രീയമെന്നത് ഒരു അനാവശ്യവാണെന്നു കരുതാത്തവരല്ല ഭൂരിപക്ഷം രാഷ്്ട്രീയക്കാരും. ഭരണം തുടങ്ങുമ്പോൾ പിന്നെ വികസനത്തിന്റെ കാര്യത്തിൽ വാക്ചാതുര്യങ്ങൾ വിളമ്പലുകൾ പതിവാണ്. എന്നാൽ അധികകാലം ഇതിന് ആയുസുണ്ടാകാറില്ലെന്നതാണ് കഴിഞ്ഞകാല അനുഭവങ്ങൾ തെളിയിക്കുന്നത്. പിന്നീട് സ്വഭാവങ്ങളെല്ലാം മാറും. എതിർകക്ഷിയുടെ മണ്ഡലങ്ങളിൽ വികസനം എങ്ങനെയൊക്കെ മുരടിപ്പിക്കാമെന്ന ചിന്തയാകും ഭരിക്കുന്നവർക്ക്. ഇക്കാര്യത്തിൽ ഇടതുവലതു വ്യത്യാസമില്ലെന്നതും ഒരു അപ്രിയ സത്യം.
ഇവിടെ ചർച്ച ചെയ്യുന്നത് തിരൂരിനെ കുറിച്ചു തന്നെയാണ്. 49 വർഷം മുൻപ് നഗരസഭയായ തിരൂരിനെ കുറിച്ച്. മലപ്പുറം ജില്ലയിൽ കൂണു പോലെ അടുത്ത കാലങ്ങളിൽ മുളച്ചു പൊന്തിയ നഗരസഭകൾ പോലും വികസന ദീർഘദൃഷ്ടിയുടെ കാര്യത്തിൽ തിരൂരിലെ ആശാൻമാരേക്കാൾ തുലോം മുന്നിലാണ്. അടുത്ത കാലത്ത് നഗരസഭയായ കോട്ടയ്ക്കലിന്റെ വളർച്ച തന്നെ ഉദാഹരണം. 1971ലാണ് തൃക്കണ്ടിയൂർ പഞ്ചായത്ത് തിരൂർ നഗരസഭയായി വളർന്നത്. ഇക്കാലയളവിൽ 15 വർഷത്തോളമാണ് ഇടതുപക്ഷം ഭരണത്തിലിരുന്നത്. ബാക്കി കാലങ്ങളിലെല്ലാം ഭരണം നിയന്ത്രിച്ചത് മുസ്ലിം ലീഗ് തന്നെ. തിരൂർ മണ്ഡലത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. അഞ്ചു വർഷമൊഴിച്ചാൽ ഭരിച്ചതെല്ലാം ലീഗ് പ്രതിനിധികൾ തന്നെ. പക്ഷേ ആരൊക്കെ ഭരിച്ചിട്ടും തിരൂരിന്റെ വളർച്ചാ നിരക്കിന് ഒച്ചിഴയുന്ന വേഗതയാണെന്നതാണ് കഴിഞ്ഞകാലങ്ങളിലെല്ലാം കണ്ടത്. രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളുടെയും ആർജവമില്ലായ്മ മാത്രമാണ് ഈ മെല്ലെപ്പോക്കിന് കാരണമെന്നതിൽ യാതൊരു സംശയവുമില്ല. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 640 കോടിയുടെ വികസനം സി. മമ്മുട്ടി എംഎൽഎ വഴി തിരൂരിലെത്തി. കേരളത്തിൽ വികസനത്തിന്റെ കുത്തൊഴുക്കുണ്ടായിയെന്നു നാടുനീളെ പ്രഖ്യാപിക്കുന്ന പിണറായി ഭരണത്തിൽ പക്ഷേ തിരൂരിനായി വികസനം കൊണ്ടു വരാൻ എംഎൽഎയ്ക്ക് കഴിഞ്ഞില്ല. ഇതിന് എംഎൽഎ നിരത്തുന്ന കാര്യം രാഷ്ട്രീയ വിവേചനം കാണിക്കുന്നുവെന്നതാണ്. പ്രാദേശിക സിപിഎം നേതാക്കളുടെ അനാവശ്യ സമ്മർദ്ദങ്ങൾ പല വികസനങ്ങളെയും തുരങ്കം വയ്ക്കുന്നുവെന്നും എംഎൽഎ പരാതിപ്പെടുന്നു. എന്നാൽ മണ്ഡലത്തിൽ വികസനം നടത്താൻ എംഎൽഎയ്ക്ക് താത്പര്യമില്ലെന്നും വികസന കാര്യത്തിൽ എംഎൽഎ ഇടപെടാത്തതാണ് പല പദ്ധതികളും മുടങ്ങിക്കിടക്കുന്നത് എന്നുമാണ് സിപിഎം ആരോപിക്കുന്നത്. രണ്ടു കൂട്ടരുടെയും ആരോപണങ്ങൾ കേട്ട് കോൾമയിർ കൊള്ളണമെന്നാണ് രാഷ്ട്രീയ നേതൃത്വങ്ങൾ ജനങ്ങളോട് പറയുന്നതെങ്കിൽ കൊണ്ടു പോയി പൊന്നാനി പുഴയിൽ എറിയണമെന്നു പറഞ്ഞു തുടങ്ങിയിരിക്കുന്നു തിരൂർ നിവാസികൾ.
കാലുകളിൽ നിൽക്കുന്ന മൂന്നു പാലങ്ങൾ, അമിനിറ്റി സെന്റർ, മുൻസിപ്പൽ സ്റ്റേഡിയം, ജില്ലാ ആശുപത്രിയിലെ ക്യാൻസർ ബ്ലോക്ക് തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങളാണ് പാതിവഴിയിൽ തലപൊക്കി നിന്ന് ജനത്തോട് കൊഞ്ഞനം കുത്തുന്നത്. ഇതിനിടയിൽ ഒരേ കാര്യത്തിനായി മൂന്നു പാർട്ടികളും പ്രഹസന സമരങ്ങളും നടത്തി.
മലപ്പുറം ജില്ലയിലെ ഏറെ തിരക്കേറിയ പട്ടണങ്ങളിലൊന്നാണ് തിരൂർ. സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ നിന്നും നിരവധി വ്യാപാരികൾ ദിനംപ്രതി തിരൂരിലെത്തുന്നുണ്ട്. ചമ്രവട്ടം പാലം പൂർത്തിയായതോടെ ദീർഘദൂര വാഹനങ്ങളും ചരക്കു വാഹനങ്ങളുമടക്കം തിരൂരിലൂടെയാണ് പോകുന്നത്. ഇതോടെ തിരൂർ നഗരം ഏതുനേരവും ഗതാഗതക്കുരുക്കിലാണ്. പ്രധാന കച്ചവട കേന്ദ്രമായ ഗൾഫ് മാർക്കറ്റിന് പരിസരത്തൊന്നും പാർക്കിങ് സംവിധാനങ്ങൾ വേണ്ടവിധമില്ല. ഈയടുത്തു തുടങ്ങിയ റെയ്ൽവേ സ്റ്റേഷൻ പേ പാർക്ക് കേന്ദ്രം മാത്രമാണ് ആശ്വാസം. എന്നാൽ ഇതും പര്യാപ്തമല്ല.
സമാനമായി നിരവധി മേഖലകളിൽ ഗതാഗത പ്രശ്‌നങ്ങളുണ്ട് തിരൂർ നഗരത്തിൽ. താഴേപ്പാലത്ത് ഒരു ഫ്‌ളൈ ഓവർ വന്നാൽ ഒരുപരിധി വരെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാകുമെന്നു കണ്ടാണ് ഫ്‌ളൈ ഓവർ എന്ന ആശയം മുന്നോട്ടു വച്ചത്. ആദ്യ ബജറ്റിൽ സർക്കാർ അത് ഉൾപ്പെടുത്തുകയും ചെയ്തു. എന്നാൽ പിന്നീടങ്ങോട്ട് ഇക്കാര്യത്തെ കുറിച്ചൊന്നും സർക്കാർ തിരിഞ്ഞു നോക്കിയതുമില്ല. ഇങ്ങനെ ഒരു ഫ്‌ളൈ ഓവറിന് അനുമതി കിട്ടിയെന്ന് എംഎൽഎയും അനുമതി കിട്ടിയിട്ടില്ലെന്ന് സിപിഎം ഏരിയ സെക്രട്ടറിയും ഉറപ്പിച്ചു പറയുമ്പോൾ പിന്നെ ജനത്തിന് ഒറ്റ മാർഗമേയുള്ളൂ, പടിഞ്ഞാറേക്കര ബീച്ചിൽ പോയി പടിഞ്ഞാറോട്ടു നോക്കിയിരിക്കുക.
രാഷ്ട്രീയ വിഴുപ്പലക്കലിനും പകപോക്കലിനുമെല്ലാം നാടിന്റെ വികസനത്തെ കരുവാക്കി വയ്ക്കുന്നത് രാഷ്ട്രീയ പാർട്ടികൾക്കും ജനപ്രതിനിധികൾക്കും ഭൂഷണമായതല്ല എന്ന തിരിച്ചറിവ് ഉണ്ടായേ തീരൂ. അതു തിരിച്ചറിയാതെ പോയാൽ രാഷ്ട്രീയത്തിൽ മാത്രമല്ല ജനാധിപത്യ മൂല്യങ്ങളിൽ പോലും വിശ്വാസമറ്റു പോകും നാട്ടിലെ ജനങ്ങൾക്ക്. ഇത്തരത്തിലുള്ള മനംമടുപ്പിൽ നിന്നാണ് പലരും അരാഷ്ട്രീയതയുടെ ചൂലുപൊക്കി രാഷ്ട്രതലസ്ഥാനം പോലും പിടിച്ചടക്കി ഭരണം നടത്തി മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്കു നേരെ വിരൽ ചൂണ്ടുന്നതെന്ന കാര്യം അവഗണിക്കരുത്.