‘ഭരണ സമിതി ഏകാധിപതികളെ പോലെ ‘ : തിരൂർ ബ്ലോക്കിൽ പ്രതിപക്ഷം ബോർഡ് മീറ്റിംഗ് ബഹിഷ്കരിച്ചു; വികസന പ്രക്രിയയ്ക്ക് തുരങ്കം വയ്ക്കരുതെന്ന് ഭരണപക്ഷം

തിരൂർ: തിരൂർ ബ്ലോക്ക്‌ പഞ്ചായത്ത് ഭരണാധികാരികൾ പ്രതിപക്ഷ മെമ്പർമാരോട് പെരുമാറുന്നത് ഏകാധിപതികളെപോലെയാണെന്ന് പ്രതിപക്ഷമെമ്പർമാർ. ഏതാനും മാസങ്ങൾക്ക് മുമ്പാണ് തിരൂർ ബ്ലോക്ക് പഞ്ചായത്തിൽ അധികാരമാറ്റം ഉണ്ടായത്. ഇന്ന് പ്രസിഡന്റ്റും മറ്റും ഓടിനടന്ന് ഉദ്ഘാടനം ചെയ്യുന്ന എല്ലാ വികസന പ്രവർത്തികളും യു ഡി എഫ് ബ്ലോക്ക്‌ പഞ്ചായത്ത് ഭരിക്കുമ്പോൾ കൊണ്ട് വന്നതാണ്.സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായ സ്റ്റാർട്ടപ്പ് വില്ലേജ്,വെട്ടം സി എച്ച് സി യിൽ ഡയാലിസിസ് സെന്റർ,ഷീ സെന്ററുകൾ,വെട്ടം പുറത്തൂർ സി എച്ച് സി കളിൽ ഫിസിയോ തെറാപ്പി സെന്ററുകൾ, വക്കാട് ഫിഷ്ലാൻഡിങ് സെന്റർ,2017-18 സാമ്പത്തിക വർഷത്തിൽ 34 മുചക്ര വാഹനം, തിരുനാവായ ബൈ പാസ്‌,വലിലപ്പുഴ വി സി ബി,തുടങ്ങിയ വികസന പ്രവർത്തനങ്ങളുടെ എണ്ണിയാൽ ഒടുങ്ങാത്ത ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും.ഡിവിഷൻ മെമ്പർമാരോട് പോലും ചോദിക്കാതെ പ്രസിഡന്റ് ഓരോ പ്രവർത്തികളുടെയും ഉത്ഘാടനം നടത്തുന്നു.സകല കീഴ്‌വഴക്കങ്ങളുടെയും പ്രോട്ടോകോളുകളുടെയും ലങ്കനങ്ങൾ ആണ് ഭരണപക്ഷം നടത്തികൊണ്ടിരിക്കുന്നത്.തൃപ്രങ്ങോട് പഞ്ചായത്തിലെ മൂച്ചിക്കൽ ഭാഗത്തെ ആർബി കനാലിന്റെ കുറുകെ നിർമ്മിച്ച പാലത്തിന്റെ ഉത്ഘാടനത്തിൽ കണ്ടത് ഇതിന്റെ അവസാനത്തെ ഉദാഹരണം ബ്ലോക്കിന്റെ പരിധിയിൽ നടക്കുന്ന എല്ലാ പ്രവർത്തികളുടെയും ഉദ്ഘാടനത്തിൽ അധ്യക്ഷം വഹിക്കുന്നത് അതാത് ഡിവിഷൻ മെമ്പർമാർ ആയിരുന്നു യു ഡി എഫ് ഭരണസമയത്ത് . എന്നാൽ ഇപ്പോൾ ചില പഞ്ചായത്തുകളിൽ എത്തുമ്പോൾ മെമ്പർമാർ അവഗണന നേരിടുന്നു.ടെന്റർ ചെയ്ത് കരാർ വെച്ച വർക്കുകൾ പോലും നിർത്തിവെക്കാൻ പറയുന്ന വിചിത്രമായ കാര്യങ്ങൾ ആണ് ഇപ്പോൾ ബ്ലോക്ക് പഞ്ചായത്തിൽ നടക്കുന്നത്. പല സമയങ്ങളിലും ഭരണ സമിതി യോഗങ്ങൾ പോലും ഭഹിഷ്‌കരിച്ചു ഇറങ്ങിവരേണ്ട അവസരങ്ങളാണ് ഇവർ ഉണ്ടാക്കുന്നത്. ഇന്ന് നടന്ന ഭരണ സമിതി മീറ്റിംഗിൽ പ്രതിഷേധം രേഖപ്പെടുത്തി ഭഹിഷ്കരിക്കേണ്ടിവന്നതായും പ്രതിപക്ഷഅംഗങ്ങൾ പറഞ്ഞു. ഇത്തരം ധിക്കാരപരമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് പ്രസിഡന്റ്റും വൈസ് പ്രസിഡന്റ്റും തുനിയുന്നതെങ്കിൽ ഇനിയുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ ഒരു പരിപാടിയുമായും തങ്ങൾ സഹകരിക്കില്ലെന്ന് ബ്ലോക്ക്‌ പഞ്ചായത്ത് അംഗങ്ങൾ ആയ അഡ്വ പി നസറുള്ള, ആർ കെ ഹഫ്സത്ത്, വി എ ലത്തീഫ്,ദിൽഷ മൂലശ്ശേരി,സ്ഥിരം സമിതി അധ്യക്ഷ സൈഫുന്നിസ,മുഹമ്മദാലി മൂളക്കൽ, രവീന്ദ്രൻ എന്നിവർ പറഞ്ഞു.

അതേസമയം വികസന പ്രക്രിയയ്ക്ക് തുരങ്കം വയ്ക്കരുതെന്ന് തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി പറഞ്ഞു. കോവിഡ് അടക്കമുള്ള പ്രതിസന്ധികൾക്ക് നടുവിലും ഒത്തൊരുമിച്ച് ഒട്ടനവധി വികസന പ്രവർത്തികൾ പൂർത്തീകരിച്ചു മുന്നേറുന്ന തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ പ്രവർത്തനത്തിന് തുരങ്കം വയ്ക്കുന്ന നടപടികളിൽ നിന്ന് പ്രതിപക്ഷ അംഗങ്ങൾ പിന്മാറണമെന്നും ഭരണസമിതി ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് അംഗത്തിന്റെ ഡിവിഷനിൽ സ്കൂളിനും പാലത്തിനും ഫണ്ട് വകയിരുത്തി പ്രവർത്തി പൂർത്തീകരിക്കാൻ സിപിഐഎം നേതൃത്വം നല്കുന്ന ബ്ലോക്ക് പഞ്ചായത്ത് തയ്യാറായി എന്നതിൽ നിന്നു തന്നെ ഭരണ സമിതിയുടെ രാഷ്ട്രീയ പക്ഷപാതിത്വമില്ലായ്മ വ്യക്തമാണെന്നും ഭരണപക്ഷം പറഞ്ഞു.