സാമൂഹ്യ പ്രതിരോധം അപകടകരമായ മിഥ്യാബോധമെന്ന്‌ ശാസ്ത്രജ്ഞർ

ലണ്ടൻ
കോവിഡ്‌ സമൂഹത്തിൽ കോവിഡ്‌ പടരാൻ അനുവദിച്ച്‌ വൈറസിനെതിരെ സാമൂഹ്യ പ്രതിരോധം തീർക്കാമെന്നത്‌ അപകടകരമായ മിഥ്യാബോധമെന്ന്‌ ശാസ്ത്രജ്ഞർ. ഈ സമീപനത്തിന്‌ ശാസ്ത്രീയമായ അടിത്തറയില്ലെന്ന്‌ 80 ശാസ്ത്രജ്ഞർ ചേർന്ന്‌ ജോൺ സ്നോ മെമൊറാണ്ടം എന്ന പേരിൽ ലാൻസറ്റ്‌ ജേണലിൽ പ്രസിദ്ധീകരിച്ച തുറന്ന കത്തിൽ പറയുന്നു.

കോവിഡിന്റെ രണ്ടാം തരംഗം നേരിടുന്ന രാജ്യങ്ങളിൽ‌ സാമൂഹ്യപ്രതിരോധത്തിന്‌ മുറവിളികൾ ശക്തമാണ്‌. അപകടസാധ്യതയുള്ളവരെ പൂർണമായും സംരക്ഷിച്ച്‌ അല്ലാത്തവരിൽ രോഗം പടർത്തുകയും അതുവഴി അവർക്ക്‌ രോഗബാധയിൽക്കൂടിയുള്ള പ്രതിരോധശേഷി സൃഷ്ടിക്കുകയും ചെയ്യണമെന്നാണ് ആവശ്യം. എന്നാൽ, ഈ വാദം അധാർമികവും അപകടകരവുമെന്നു പറഞ്ഞ്‌ തള്ളുകയാണ്‌ ശാസ്‌ത്രജ്ഞർ. ഇത്തരത്തിലുള്ള പ്രതിരോധശേഷി എത്രനാൾ നീണ്ടുനിൽക്കുമെന്നതിൽ വ്യക്തതയില്ല. ആരോഗ്യമുള്ള യുവാക്കളിൽപ്പോലും കോവിഡ്‌ബാധ വലിയ ആരോഗ്യപ്രശ്‌നങ്ങൾക്കും മരണത്തിനും കാരണമായേക്കാം.

അപകടസാധ്യതയുള്ളവരെയും അധ്വാനിക്കുന്ന വർഗത്തെയും കോവിഡിൽനിന്ന്‌ സംരക്ഷിക്കണം. ഇതിനായി ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ശാസ്ത്രീയനടപടികൾ സ്വീകരിക്കണം. വ്യാപനം കുറയ്‌ക്കാൻ ഹ്രസ്വകാല അടച്ചിടലുകൾ ഇനിയും വേണ്ടിവന്നേക്കുമെന്നും കത്തിൽ പറയുന്നു.