‘ഓപ്പറേഷന്‍ ബ്രിഗേഡ്’ റെയ്ഡ് തുടരുന്നു. കുന്ദംകുളത്ത് എക്സൈസ് പിടികൂടിയത് കാറും, കഞ്ചാവും;


തൃശ്ശൂർ :തൃശ്ശൂരില്‍ മദ്യം, മയക്കുമരുന്ന് മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് എക്‌സൈസ് വകുപ്പിന്റെ റൈഡ്. ഓപ്പറേഷന്‍ ബ്രിഗേഡ് എന്നു പേരിട്ട റെയ്ഡില്‍ നാലു കിലോ കഞ്ചാവ് പിടി കൂടി. വിവിധ കേസിലായി ആകെ 7 പേരെ അറസ്റ്റ് ചെയ്തു. മയക്കമരുന്ന് കേസുകളിലെ പ്രതികളും സ്ഥിരം കുറ്റവാളികളുമായവരുടെ താമസസ്ഥലങ്ങളിലും ഇവര്‍ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നതായി സംശയിക്കുന്ന സ്ഥലങ്ങളിലുമാണ് അപ്രതീക്ഷിത റെയിഡുകള്‍ നടത്തിയത്.
ജില്ലയിലെ മുഴുവന്‍ എക്‌സൈസ് ഉദ്യോഗസ്ഥരെയും അഞ്ച് സ്‌ക്വാഡുകളാക്കി തിരിച്ച്‌ വിവിധ സ്ഥലങ്ങളിലായാണ് പരിശോധന നടത്തിയത്. രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ നടത്തിയ റെയ്ഡില്‍ മൂന്ന് എന്‍ഡിപിഎസ് കേസുകളും ഒരു അബ്കാരി കേസും രജിസ്റ്റര്‍ ചെയ്തു. ഈ കേസില്‍ നാല് പ്രതികളെ അറസ്റ്റ് ചെയ്തു.

ഇതിനിടെ കുന്ദംകുളം റേഞ്ച് പരിധിയില്‍ കാറില്‍ കടത്തിവരുകയായിരുന്ന നാല് കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. തൃശൂര്‍ സ്വദേശികളായ ഷാനവാസ്, അബു, അബ്ദുല്‍ റഹ്മാന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.