ഒക്കുപേഷനൽ സേഫ്ടി ആൻഡ് ഹെൽത്ത്‌ ട്രെയിനിങ് സെന്റർ കേരളത്തിലെ വ്യാവസായിക തൊഴിൽ മേഖലകളിലെ ശ്രദ്ധേയമായ ചുവടുവെപ്പ് : മുഖ്യമന്ത്രി

എറണാകുളം : ഒക്കുപേഷനൽ സേഫ്ടി ആൻഡ് ഹെൽത്ത്‌ ട്രെയിനിങ് സെന്റർ കേരളത്തിലെ വ്യാവസായിക, തൊഴിൽ മേഖലകളിലെ ശ്രദ്ധേയമായ ചുവടുവെപ്പ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്സ്ടിട്യൂട്ടിന്റെ ഉത്‌ഘാടനം ഓൺലൈൻ ആയി നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ രണ്ടു രംഗങ്ങളിലും ബദൽ നയങ്ങൾ ഉയർത്തി പിടിച്ചു കൊണ്ട് തൊഴിലാളികൾക്കും വ്യാവസായിക കേന്ദ്രങ്ങൾക്ക് ചുറ്റും താമസിക്കുന്ന ആളുകൾക്കും ഒരുപോലെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേന്ദ്രത്തിനു സാധിക്കുമെന്നാണ് സർക്കാരിന്റെ കാഴ്ചപ്പാട്. അപകടരഹിതവും തൊഴിൽ ജന്യ രോഗ മുക്തവുമായ ഒരു സമൂഹത്തിനെ സൃഷ്ടിക്കാൻ ഈ സംരംഭം പ്രയോജനപ്പെടും, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തൊഴിൽ,നൈപുണ്യ, വകുപ്പ് മന്ത്രി ടി. പി രാമകൃഷ്ണൻ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പ് ഡയറക്ടർ പി.പ്രമോദ്
ശിലാഫലകം അനാഛാദനം ചെയ്തു.

ഇന്ത്യയിൽ ആദ്യമായാണ് സംസ്ഥാന സർക്കാരിന്റെ കീഴിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ തൊഴിൽ ആരോഗ്യ സുരക്ഷിതത്വ പരിശീലന കേന്ദ്രം (Occupational Safety and Health Training Institute – OTI) പ്രവർത്തനം ആരംഭിക്കുന്നത്. വ്യവസായശാലകളിൽ തൊഴിലെടുക്കുന്ന തൊഴിലാളികളുടെ സുരക്ഷിതത്വം, ആരോഗ്യം, ക്ഷേമം എന്നിവ വിവിധ നിയമങ്ങളിലൂടെ ഉറപ്പുവരുത്തുന്ന ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പിന് കീഴിലാണ് ഇൻസ്റ്റിറ്റ്യൂട്ട്. അപകടരഹിതവും, തൊഴിൽജന്യരോഗമുക്തവുമായ ഒരു തൊഴിൽ സംസ്കാരം സംസ്ഥാനത്ത് രൂപീകരിക്കുക എന്നതാണ് പരിശീലനകേന്ദ്രത്തിന്റെ പ്രവർത്തന ലക്ഷ്യം. 4.5 കോടി രൂപ ചെലവിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയാണ് കാക്കനാട് പരിശീലന കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.
ട്രെയിനിംഗ് സെന്ററിൽ സജ്ജീകരിച്ചിരിക്കുന്ന എക്സിബിഷൻ സെന്ററിൽ പ്രവർത്തിക്കുന്ന മോഡലുകളിലൂടെ തൊഴിലാളികൾക്ക് അവർ നേരിടുന്ന അപകട സാധ്യതകളും ആരോഗ്യപ്രശ്നങ്ങളും മനസ്സിലാക്കാനും അവ തടയുന്നതിനുള്ള പരിശീലനങ്ങൾ നേടാനും സാധിക്കും.
വൈദ്യുതി മൂലമുള്ള അപകടങ്ങൾ ഒഴിവാക്കി വെൽഡിംഗ് ജോലികളിൽ ഏർപ്പെടുന്നവർക്ക് ഷോക്ക് ഏൽക്കാതെ സുരക്ഷിതമായി ജോലി ചെയ്യാൻ സഹായിക്കുന്ന സുരക്ഷാ സംവിധാനങ്ങളും അത് പരിശീലിക്കുന്നതിനുള്ള സൗകര്യം, ഉയരങ്ങളിൽ ജോലി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ പരിശീലിപ്പിക്കുന്നതിനുള്ള സൗകര്യം, പ്രവർത്തിക്കുന്ന മോഡലുകളുടെ സഹായത്തോടെ മെറ്റൽ ക്രഷറുകളിലെ തൊഴിലാളികൾ, ബോയിലറുകൾ പ്രവർത്തിപ്പിക്കുന്ന തൊഴിലാളികൾ , കൺവെയർ ബെൽറ്റിൽ കുടുങ്ങി മരണപ്പെടുന്ന അത്യന്തം ദാരുണമായ സാഹചര്യം ഒഴിവാക്കുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള പരിശീലനം എന്നിവ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുക്കിയിട്ടുണ്ട്.

ശീതികരിച്ച ട്രെയിനിങ് ഹാളിൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ അന്താരാഷ്ട്ര തൊഴിൽ സംഘടന (ഐ എൽ ഒ ) ജർമ്മൻ സോഷ്യൽ ആക്സിഡന്റ് ഇൻഷുറൻസ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നടത്തുന്ന പരിശീലന പരിപാടികളിൽ സംസ്ഥാനത്തെ തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കും പങ്കെടുക്കാൻ സാധിക്കും. ആധുനിക സംവിധാനങ്ങളോടുകൂടിയ ഒരു ഡിജിറ്റൽ ലൈബ്രറിയും പരിശീലന കേന്ദ്രത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.