വി കെ ജയരാജ് പോറ്റി ശബരിമല മേൽശാന്തി, എം എൻ രജികുമാർ മാളികപ്പുറം മേൽശാന്തി
ശബരിമല> വി കെ ജയരാജ് പോറ്റിയെ ശബരിമല മേൽശാന്തിയായും , എം എൻ രജികുമാ(ജനാർദനൻ നമ്പൂതിരി)റിനെ മാളികപ്പുറം മേൽശാന്തിയായും തെരഞ്ഞെടുത്തു. തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് രാവിലെ തുറന്നപ്പോളാണ് മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടന്നത്. തൃശൂർ പൊയ്യ പൂപ്പത്തി വാരിക്കാട്ട് മഠത്തിലെയാണ് ജയരാജ് പോറ്റി. അങ്കമാലി കിടങ്ങൂർ മൈലക്കോടത്ത് മനയിലേതാണ് രജികുമാർ .
ശബരിമല മേൽശാന്തിയെ കൗശിക് കെ വർമയും മാളികപ്പുറം മേൽശാന്തിയെ ഋഷികേശ് വർമയുമാണ് നറുക്കിട്ടെടുത്തത്.
വൃശ്ചികം ഒന്നായ നവംബർ 16ന് തിരുനടകൾ തുറക്കുന്നത് പുതിയ മേൽശാന്തിമാർ ആയിരിക്കും. കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് 17 മുതൽ 21 വരെ വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ദിവസേന 250 പേർ എന്ന കണക്കിൽ തീർഥാടകർക്ക് ശബരിമലയിൽ ദർശനത്തിനുള്ള സൗകര്യം ഒരുക്കി.
ഇന്നലെ തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എ കെ സുധീർ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു. ഉപദേവതാ ക്ഷേത്രങ്ങളിലെ നടകൾ തുറന്നശേഷം പതിനെട്ടാം പടിക്ക് മുന്നിലുള്ള ആഴിയിലും അഗ്നി പകർന്നിരുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ഇത്തവണ ദർശനത്തിന് അനുമതി നൽകിയിട്ടുള്ളത്