ശ്രീലങ്കന്‍ തമിഴനായി ജനിച്ചത് എന്റെ തെറ്റാണോ? 800നെതിരെ തിരിയുന്നവര്‍ക്ക് മുരളീധരന്റെ മറുപടി
ശ്രീലങ്കന്‍ തമിഴനായി ജനിച്ചത് തന്റെ തെറ്റാണോ എന്ന് ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍. വിജയ് സേതുപതി നായകനായി തന്റെ ജീവിതം സിനിമയാകുന്നതിന് എതിരെ വലിയ തോതില്‍ വിമര്‍ശനം ഉയരുമ്പോഴാണ് മുരളീധരന്റെ പ്രതികരണം.
എന്റെ ജീവിതം സിനിമയാക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് നിര്‍മാതാക്കള്‍ സമീപിച്ചപ്പോള്‍ ആദ്യം ഞാന്‍ മടിച്ചു. എന്നാല്‍ എന്റെ മാതാപിതാക്കള്‍, അധ്യാപകര്‍, പരിശീലകര്‍, സഹ കളിക്കാര്‍ എന്നിവര്‍ക്ക് എന്റെ ജീവിതത്തിനുള്ള പങ്ക്, അവരുടെ സംഭാവനകള്‍ എന്നിവ അംഗീകരിക്കാനുള്ള അവസരമാണ് ഇതെന്ന് എനിക്ക് തോന്നി, മുരളീധരന്‍ പറഞ്ഞു.
ശ്രീലങ്കയില്‍ ആദ്യമായി ആഭ്യന്തര യുദ്ധം ഉണ്ടായപ്പോള്‍ ഇന്ത്യന്‍ വംശജരായ മലയാഗ തമിഴരെയാണ് ആദ്യം ബാധിച്ചത്. യുദ്ധത്തിന്റെ ഭീകരതയും അത് നല്‍കുന്ന വേദനയും ഞാന്‍ അനുഭവിച്ചതാണ്. ഒരു യുദ്ധത്തിന് ഇടയിലാണ് ശ്രീലങ്കയില്‍ 30 വര്‍ഷമായി ജീവിച്ചത്. ഇവിടെ നിന്ന് എങ്ങനെ എനിക്ക് ലങ്കന്‍ ക്രിക്കറ്റ് ടീമിലേക്ക് എത്താനായെന്നും, വിജയം കൈവരിക്കാന്‍ സാധിച്ചെന്നുമാണ് 800 എന്ന സിനിമ പറയുന്നത്.
എന്റെ പല വാക്കുകളും വളച്ചൊടിക്കപ്പെട്ടിരുന്നു. 2009 ആണ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വര്‍ഷം എന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് തമിഴര്‍ കൊല ചെയ്യപ്പെട്ട വര്‍ഷമാണ് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വര്‍ഷം എന്നായി അത് എഴുതി വന്നപ്പോള്‍. എന്താണ് ഇനി സംഭവിക്കാന്‍ പോവുന്നത് എന്ന് ഒരു ഉറപ്പും ഇല്ലാത്ത യുദ്ധ കാലത്താണ് ഞാന്‍ വളര്‍ന്നത്.
എനിക്കൊപ്പം കളിച്ചിരുന്ന എന്റെ സഹപാഠി തൊട്ടടുത്ത ദിവസം എനിക്കൊപ്പം കളിക്കാന്‍ ജീവനോടെ ഉണ്ടായില്ല. സുരക്ഷയെ കുറിച്ചാണ് ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ ഞാന്‍ ചിന്തിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിന് ഇടയില്‍ ഇരു വിഭാഗങ്ങള്‍ക്കിടയിലും ജീവഹാനി ഉണ്ടായിട്ടില്ല. അത് മുന്‍നിര്‍ത്തിയാണ് 2009 എന്റെ ജീവിതത്തിലെ ഏറ്റവും നല്ല വര്‍ഷമാണെന്ന് പറഞ്ഞത്.
നിഷ്‌കളങ്കരായ ജനങ്ങളെ കൊന്നൊടുക്കുന്നത് ഞാന്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല. ഇന്ത്യയിലാണ് ജനിച്ചത് എങ്കില്‍ ഞാന്‍ ഇന്ത്യന്‍ ടീമിന് വേണ്ടി കളിച്ചാനെ. ശ്രീലങ്കന്‍ തമിഴനായി ജനിച്ചത് എന്റെ തെറ്റാണോ? എന്നെ കുറിച്ച് അറിയാത്തവരാണ് അവരുടെ രാഷ്ട്രീയ നേട്ടത്തിനായി എന്നെ തമിഴര്‍ക്കെതിരെ നില്‍ക്കുന്ന വ്യക്തിയായി മുദ്രകുത്തുന്നത്. അത് എന്നെ വേദനിപ്പിക്കുന്നു.
ഞാന്‍ ഈ പറയുന്നത് എന്റെ എതിരാളികളെ സമാധാനിപ്പിക്കാന്‍ ഇടയില്ല. തെറ്റായ വാര്‍ത്തകളാണ് അവര്‍ എന്നെ കുറിച്ച് പങ്കിടുന്നത്. സാധാരണക്കാരും നിഷ്പക്ഷരുമായ ആളുകള്‍ക്ക് ഞാന്‍ ഈ വിശദീകരണം നല്‍കുന്നു, മുരളീധരന്‍ പറയുന്നു