പട്ടർനടക്കാവ് കമ്മാനം വളവിൽ അപകടങ്ങൾ നിത്യസംഭവമാകുന്നു

തിരുനാവായ : പട്ടർനടക്കാവ് കമ്മാനം വളവിൽ അപകടങ്ങൾ നിത്യസംഭവമാകുന്നു. പട്ടർനടക്കാവിനും മുട്ടിക്കാടിനും മധ്യത്തിലുള്ള കമാനം വളവിൽ ഇന്നലെ രാത്രിയിലും അപകടം. കൊല്ലത്തു നിന്നു താമരശ്ശേരി യിലേക്ക് മടങ്ങുകയായിരുന്ന രണ്ടു യുവാക്കൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. പരിക്കുകൾ ഒന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു അപകടത്തിൽപ്പെട്ടവർ തിരൂരിലുള്ള ബന്ധുവിനെയും കൂട്ടി മറ്റൊരു വാഹനത്തിൽ യാത്ര തിരിക്കുകയായിരുന്നു. തിരൂർ താലൂക്കിൽ വട്ടപ്പാറ വളവു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അപകടം നടക്കുന്നത് പട്ടർനടക്കാവ് കമ്മാനം വളവിലാണ് . ഹൈമാക്സ് ലൈറ്റ് സ്ഥാപിക്കണമെന്ന നാട്ടുകാരുടെ കാലങ്ങളായി തുടരുന്ന ആവശ്യം അധികൃതർ അവഗണിക്കുന്നതും റോഡ് പുനരുദ്ധാരണത്തിലെ അപാകതയും തുടർ അപകടങ്ങൾക്കിടയാക്കുന്നതായാണ് നാട്ടുകാരും പൊതുപ്രവർത്തകരും ആരോപിക്കുന്നത്.