വി എസ് അച്യുതാനനന്ദന് ഇന്ന് 97ാം പിറന്നാൾ; ആഘോഷങ്ങൾ ഒഴിവാക്കി കുടുംബം

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദന് ഇന്ന് 97ാം പിറന്നാൾ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് 100 വയസ്സ് തൊടുമ്പോഴാണ് രാജ്യത്തെ ഏറ്റവും മുതിർന്ന നേതാവിന് 97 വയസ്സ് തികയുന്നത്. പിറന്നാൾ ആഘോഷം വീട്ടിലെ കേക്ക് മുറിക്കലിൽ ചുരുക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

പുന്നപ്ര വയലാർ സമരനായകനായാണ് വി എസ് പോരാട്ട വഴികളിൽ സജീവമാകുന്നത്. പരിസ്ഥിതിസംരക്ഷണ പോരാട്ടത്തിലും മുൻപന്തിയിൽ നിന്ന നേതാവാണ് അദ്ദേഹം. പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് അദ്ദേഹം എടുത്ത നിലപാടുകൾ എക്കാലത്തും പ്രശംസിക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് മൂന്നാർ ഓപറേഷൻ നടക്കുന്നത്.

സംഘടനാരംഗത്തും വി എസിന്റെ വളർച്ച മലയാളികൾ കണ്ടു. സിപിഐഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗമായി ദീർഘകാലം പ്രവർത്തിച്ചു.