വൈറസിനെ നിഗ്രഹിക്കുന്ന ദേവീശില്പം, ശില്പിയെ അഭിനന്ദിച്ച് തരൂര്‍

കൊല്‍ക്കത്ത:ഒക്ടോബര്‍ 22 മുതല്‍ ആരംഭിക്കുന്ന അഞ്ചുദിവസത്തെ ദുര്‍ഗാപൂജക്ക് ഇത്തവണ കൊറോണ വൈറസ് ആശയം തിരഞ്ഞെടുത്ത കൊല്‍ക്കത്ത ശില്പിയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് എം.പി
ശശി തരൂര്‍. ഡോക്ടറുടെ വേഷത്തില്‍ നില്‍ക്കുന്ന ദേവി ശൂലത്തിന് പകരം സിറിഞ്ചുപയോഗിച്ച് കൊറോണ വൈറസിനെ നിഗ്രഹിക്കുന്ന ശില്പത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ്
അജ്ഞാതരായ കലാകാരന്മാരെ തരൂര്‍ അഭിനന്ദിച്ചത്. ‘വൈറസിനെ നിഗ്രഹിക്കുന്ന ദേവി, കൊല്‍ക്കത്തയില്‍ നിന്നുളള അത്യുജ്ജ്വലമായ കോവിഡ് 19 ആശയത്തിലുളള ദുര്‍ഗാ പൂജ
സര്‍ഗാത്മകത. അജ്ഞാതരായ ഡിസൈനര്‍ക്കും ശില്പിക്കും പ്രണാമം.’ തരൂര്‍ കുറിച്ചു. ദുര്‍ഗാ പൂജയോട് അനുബന്ധിച്ച് ദേവിയുടെ വിഗ്രഹമുണ്ടാക്കുക കൊല്‍ക്കത്തയില്‍ പതിവാണ്.
മഹിഷാസുരനെ ശൂലമുപയോഗിച്ച് നിഗ്രഹിക്കുന്ന ദേവിയുടെ അതേ മാതൃകയില്‍ സിറിഞ്ച് ഉപയോഗിച്ച് കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ദേവിയുടെ വിഗ്രഹമാണ്
ശില്പി നിര്‍മിച്ചിരിക്കുന്നത്. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ദുര്‍ഗാപൂജ കൊണ്ടാടുന്നത്.