ശിവശങ്കർ മെഡിക്കൽ കോളേജ് വിട്ടു; ഇനി ആയുർവേദം
തിരുവനന്തപുരം:മെഡിക്കൽ കോളേജിൽനിന്നു ഡിസ്ചാർജ് ചെയ്ത എം.ശിവശങ്കർ ആയുർവേദ ആശുപത്രിയിൽ. വഞ്ചിയൂരിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിലാണ് അഡ്മിറ്റായത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്നു തിങ്കളാഴ്ച വൈകുന്നേരം 5.20-ഓടെയാണ് ഇദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്. ശിവശങ്കറിന് കിടത്തിച്ചികിത്സയുടെ ആവശ്യമില്ലെന്ന മെഡിക്കൽ ബോർഡ് വിലയിരുത്തലിനെത്തുടർന്നായിരുന്നു ഇത്
ശിവശങ്കറിന് കാര്യമായ പ്രശ്നമില്ലെന്ന് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യാമെന്ന് ഞായറാഴ്ച തന്നെ അസ്ഥിരോഗവിഭാഗത്തിലെ ഡോക്ടർ മെഡിക്കൽ ബോർഡിനെ അറിയിക്കുകയും ചെയ്തു. നട്ടെല്ലിനു വേദനയുണ്ടെന്നും ദീർഘകാലമായി ചികിത്സ നടത്തുന്നുണ്ടെന്നും ശിവശങ്കർ ഡോക്ടർമാരെ അറിയിച്ചിരുന്നു. എന്നാൽ, വിശ്രമിച്ചാൽ മതിയെന്നായിരുന്നു നിർദേശം. തുടർന്നാണ് ശിവശങ്കർ ആംബുലൻസിൽ ആയുർവേദ ആശുപത്രിയിലെത്തിയത്.
വെള്ളിയാഴ്ച പൂജപ്പുരയിലെ വീട്ടിൽനിന്നു ചോദ്യംചെയ്യാൻ കസ്റ്റംസ് ഉദ്യോഗസ്ഥർ കൂട്ടിക്കൊണ്ടുപോകവേയാണ് നെഞ്ചുവേദനയെത്തുടർന്ന് കരമനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരിശോധനകൾക്കുശേഷം ശനിയാഴ്ച ഉച്ചയോടെ മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു.