മരിച്ചവരുടെ എണ്ണം അഞ്ചായി; വ്യാജമദ്യ ദുരന്തമെന്ന് സംശയം

പാലക്കാട്: കഞ്ചിക്കോട് ചെല്ലങ്കാവ് ആദിവാസിക്കോളനിയിൽ വ്യാജമദ്യ ദുരന്തമെന്ന് സംശയം. ബന്ധുക്കളായ അഞ്ചുപേർ മരിച്ചു. രാമൻ(52), അയ്യപ്പൻ(55), അയ്യപ്പന്റെ മകൻ അരുൺ (22), ശിവൻ (45), ശിവന്റെ സഹോദരൻ മൂർത്തി (33) എന്നിവരാണ് മരിച്ചത്.
അവശനിലയിൽ മൂന്ന് സ്ത്രീകളടക്കം ഒൻപതുപേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാജമദ്യമോ സാനിറ്റൈസർ പോലുള്ള ലഹരിദ്രാവകമോ കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം. മരിച്ചവരെല്ലാം തൊഴിലാളികളാണ്.

രാമൻ ഞായറാഴ്ചരാവിലെയും അയ്യപ്പൻ ഉച്ചയോടെയുമാണ് മരിച്ചത്. ശിവനെ തിങ്കളാഴ്ച പുലർച്ചെ വീട്ടുമുറ്റത്തെ കട്ടിലിൽ മരിച്ചനിലയിലാണ് കണ്ടെത്തിയത്. ആശുപത്രിയിൽനിന്ന് ആരുംകാണാതെ ഇറങ്ങിപ്പോയ മൂർത്തിയെ ഉച്ചയോടെ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തെ കച്ചവടസ്ഥാപനത്തിനുമുന്നിൽ മരിച്ചനിലയിൽ കണ്ടെത്തി.

നാഗരാജൻ (26), തങ്കമണി (47), രുക്മിണി (52), കമലം (42), ചെല്ലപ്പൻ (75), ശക്തിവേൽ, കുമാരൻ (35), മുരുകൻ (30) എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്