ന്യൂഡൽഹി: ഉത്സവ കാലത്ത് കോവിഡ് പ്രതിരോധത്തിൽ വീഴ്ചവരുത്തരുതെന്ന് തൊഴുകൈകളോടെ ജനങ്ങളോട് അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് അഭ്യർഥന നടത്തിയത്.’ഞാൻ അഭ്യർഥിക്കുകയാണ്. നിങ്ങൾ എല്ലാവരും സുരക്ഷിതരായി കഴിയുന്നതും കുടുംബങ്ങൾ സന്തോഷത്തോടെ ഇരിക്കുന്നതും കാണാനാണ് ആഗ്രഹിക്കുന്നത്. ഉത്സവങ്ങൾ നിങ്ങളുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരുന്നത് കാണാനും ആഗ്രഹിക്കുന്നു – അദ്ദേഹം പറഞ്ഞു.ജനങ്ങൾ അശ്രദ്ധയോടെ ഇറങ്ങി നടക്കുന്ന ഫോട്ടോകളും വീഡിയോകളും കാണാനിടയായി. അതൊന്നും ശരിയല്ല. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുമ്പോൾ നിങ്ങളുടെ കുടുംബത്തിന്റെ സുരക്ഷയാണ് അപകടത്തിലാകുന്നത്. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവെങ്കിലും വീണ്ടും കുതിച്ചുയർന്നു.നിലവിൽ രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് മികച്ച നിലയിലാണ്. മരണ നിരക്ക് കുറവാണ്. രാജ്യത്തെ പത്തുലക്ഷം പേരിൽ 5,500 പേർക്ക് മാത്രമാണ് കോവിഡ് ബാധിക്കുന്നത്. അമേരിക്കയും ബ്രസീലും പോലെയുള്ള രാജ്യങ്ങളിൽ ഇത് 25,000ത്തോളമാണ്.എന്നാൽ, ഉത്സവകാലം വരുന്നതോടെ വിപണികൾ സജീവമാകുകയാണ്. ലോക്ക്ഡൗൺ അവസാനിച്ചുവെങ്കിലും കോവിഡ് ഇപ്പോഴും നിലനിൽക്കുന്നുവെന്നകാര്യം മറക്കരുത്. ഏഴെട്ട് മാസത്തെ ജാഗ്രതയുടെ ഫലമായി ഇന്ത്യ ഇന്ന് ഭേദപ്പെട്ട നിലയിലാണ്. സ്ഥിതിഗതികൾ കൈവിട്ടുപോകാൻ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കോവിഡ് വാക്സിൻ വികസിപ്പിക്കാൻ എല്ലാ രാജ്യങ്ങളും യുദ്ധകാല അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുകയാണ്. വാക്സിൻ ലഭ്യമായാലുടൻ അത് എല്ലാവർക്കും എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പ് സർക്കാർ നടത്തുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.