തുറമുഖത്ത് പുലിമുട്ട് വികസനത്തിനു തുടക്കം

താനൂർ ∙ ഒസാൻ കടപ്പുറം തുറമുഖത്ത് പുലിമുട്ട് വികസനത്തിനു തുടക്കം. കടലിൽനിന്ന് നേരിട്ട് വെള്ളവും തിരമാലകളും ജെട്ടിയിലേക്ക് ആഞ്ഞടിക്കാതെ മത്സ്യബന്ധനവും വള്ളങ്ങൾ നങ്കൂരമിടുന്നതും കൂടുതൽ സുരക്ഷിതമാക്കാനാണിത്. നിലവിലെ രൂപരേഖയിൽ നേരിയ മാറ്റവുമായാണ് പണി തുടങ്ങിയത്. ഇതിനായി കരിങ്കല്ലുകൾ ഇറക്കിത്തുടങ്ങി. വേലിയേറ്റത്തിൽ ഇവിടെ ഒട്ടേറെ അപകടങ്ങളാണ് നടന്നത്. ജെട്ടിയിൽ നിർത്തിയിട്ട വള്ളങ്ങൾവരെ കൂട്ടത്തോടെ കടൽഭിത്തിയിലിടിച്ച് തകർന്നിരുന്നു. തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.