രാഹുല്‍ ഗാന്ധിക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം: യോഗി ആദിത്യനാഥ്

പ്രതീകാത്മക ചിത്രം

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരളത്തില്‍ വച്ച് രാഹുല്‍ ഗാന്ധി പോപ്പുലര്‍ ഫ്രണ്ടുമായി കൂടിക്കാഴ്ച നടത്തിയെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ പ്രസ്താവന നിഷേധിച്ച കോണ്‍ഗ്രസ്, രാഹുല്‍ ഗാന്ധി കണ്ടത് ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന്റെ കുടുംബത്തെ ആണെന്ന് വിശദീകരിച്ചു.

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ കേരളാ സന്ദര്‍ശനം ശക്തമായ പ്രചാരണ ആയുധമാക്കുകയാണ് യോഗി ആദിത്യനാഥ്. രാഹുല്‍ ഗാന്ധി തിരക്കിട്ട് നടത്തിയ കേരളയാത്രയുടെ യഥാര്‍ത്ഥ ഉദ്ദേശം പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായുള്ള കൂടിക്കാഴ്ച ആയിരുന്നെന്ന് യോഗി ആദിത്യനാഥ് ആരോപിച്ചു. ഹത്‌റാസിനെ മുന്‍നിര്‍ത്തി ഉത്തര്‍പ്രദേശില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ച സംഘത്തിലുള്ളവര്‍ പിടിയിലായതില്‍ രാഹുല്‍ ഗാന്ധിക്ക് ആശങ്കയുണ്ട്. ഇവരെ രക്ഷിക്കാനുള്ള ശ്രമം രാഹുല്‍ നടത്തുന്നു. ഇതിനായി കേരളത്തിലെത്തുകയും പോപ്പുലര്‍ ഫ്രണ്ടുമായി രാഹുല്‍ ചര്‍ച്ച നടത്തുകയും ചെയ്തു. രാജ്യത്തിനുള്ളില്‍ അരാജകത്വത്തിന്റെ വിത്തിടാന്‍ ശ്രമിക്കുന്നവരെ സഹായിക്കാന്‍ ശ്രമിക്കുന്ന രാഹുലും കോണ്‍ഗ്രസും രാജ്യത്തെ ജനാധിപത്യത്തെ അപകടത്തിലാക്കുകയാണെന്നും ബുലന്ദ് ഷഹറില്‍ അടക്കം നടത്തിയ റാലിയില്‍ യോഗി ആദിത്യനാഥ് വിമര്‍ശിച്ചു.

യോഗി ആദിത്യനാഥിന്റെ വിമര്‍ശനങ്ങള്‍ തള്ളിയ കോണ്‍ഗ്രസ് വസ്തുതകളെ വോട്ടിനായി അദ്ദേഹം വളച്ചൊടിക്കുകയാണെന്ന് വിശദീകരിച്ചു. ഹത്‌റാസിലേയ്ക്ക് യാത്ര ചെയ്യവേ അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന്റെ ഭാര്യയെ ആണ് രാഹുല്‍ ഗാന്ധി കണ്ടത്. അവര്‍ എത്തിയത് രാഹുല്‍ ക്ഷണിച്ചത് പ്രകരമായിരുന്നില്ല. നിവേദനം നല്‍കാനായിരുന്നു. ഇങ്ങനെയുള്ള ആരോപണങ്ങള്‍ ബിഹാറിലെ തെരഞ്ഞെടുപ്പ് ഫലം എന്തായിരിക്കുമെന്ന ബിജെപിയുടെ ആശങ്കയില്‍ നിന്ന് ഉണ്ടാകുന്നതാണെന്നും കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു.