പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത

മലപ്പുറം: പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടന്ന യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
പെൺകുട്ടികളുടെ വിവാഹം പ്രായം 21 ആക്കുന്നതിലൂടെ സാംസ്കാരിക അധഃപതനത്തിനും മൂല്യച്ച്യുതിക്കും കാരണമാവും. അതിനുപുറമെ പെൺകുട്ടികളുടെ ശാരീരിക-മാനസിക ആവശ്യങ്ങളുടെ നിരാകരണവും മൗലികാവകാശങ്ങളുടെ ലംഘനവും കൂടിയാണിതെന്നും സമസ്ത നേതാക്കൾ വ്യക്തമാക്കി.
വികസിത രാഷ്ട്രങ്ങളുൾപ്പെടെ ലോകത്തിലെ ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളിലും പെൺകുട്ടികളുടെ വിവാഹപ്രായം 16 മുതൽ 18 വരെയാണെന്നിരിക്കെ ഇന്ത്യൻ വിവാഹ പ്രായത്തിൽ മാത്രം മാറ്റം വരുത്തുന്നത് അശാസ്ത്രീയമാണെന്ന് യോഗം വിലയിരുത്തി. വിവാഹ പ്രായം ഉയർത്താനുള്ള നീക്കത്തിനെതിരെ കേന്ദ്ര സർക്കാരിന് നിവേദനം നൽകാനും വിവിധ രാഷ്ട്രീയ-മത-സാമൂഹിക സംഘടനകളുമായി യോജിച്ച് പ്രവർത്തിക്കുവാനും യോഗം തീരുമാനിച്ചു.