രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 90 ശതമാനത്തില്‍; മരണ നിരക്കും കുറയുന്നു; കണക്കുകള്‍ പുറത്തുവിട്ട് ആരോഗ്യ മന്ത്രാലയം

ന്യൂദല്‍ഹി: രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 90 ശതമാനമെത്തിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊവിഡ് പ്രതിരോധത്തില്‍ പുതിയ നേട്ടം സ്വന്തമാക്കി ഇന്ത്യയിലെ പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷത്തിലേക്ക് കുറഞ്ഞു. 24 മണിക്കൂറിനിടെ 62,077 പേരാണ് രോഗമുക്തി നേടിയത്. 50,129 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസവും ചികിത്സയിലുള്ള എണ്ണം ഏഴ് ലക്ഷത്തില്‍ താഴെ നിലനിര്‍ത്താനായി. ആകെ രോഗബാധിതരുടെ 8.50 ശതമാനം മാത്രമാണ് നിലവിലെ രോഗബാധിതര്‍. 6,68,154 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്.ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണത്തിലും വലിയ വര്‍ധന. ഇന്നലെ വരെ 70,78,123 പേര്‍ രോഗമുക്തി നേടി. ഈമാസം ആദ്യം മുതല്‍ തന്നെ പ്രതിദിന കൊവിഡ് മരണങ്ങളുടെ എണ്ണം ആയിരത്തിന് താഴെയെത്തിക്കാനായി. 24 മണിക്കൂറിനിടെ 578 പേര്‍ മരിച്ചു.