കെ.എം. ബഷീറിന്റെ മരണം: പ്രതികളായ ശ്രീറാമും വഫയും ഹാജരായില്ല കോടതിക്ക് അതൃപ്തി
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫയും കോടതിയിൽ ഹാജരായില്ല. കേസ് അടുത്തമാസം 12ലേക്ക് മാറ്റി.കുറ്റപത്രത്തോടൊപ്പം സമർപ്പിച്ച സി.സി.ടി.വി ദൃശ്യങ്ങളുടെയും കേസ് രേഖകളുടെയും പകർപ്പ് ലഭിക്കാത്തത് കാരണം കേസ് വിചാരണ കോടതിക്ക് കൈമാറാൻ കഴിയില്ലെന്ന ശ്രീറാമിെൻറ അഭിഭാഷകെൻറ ആവശ്യം കണക്കിലെടുത്താണ് കേസ് മാറ്റിയത്. അപകടസമയത്തെ സി.സി.ടി.വി ദൃശ്യങ്ങളടങ്ങിയ ഡി.വി.ഡി ഹാജരാക്കാൻ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പൊലീസിനോട് ആവശ്യപ്പെട്ടു.രേഖകളുടെ പകർപ്പ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീറാം ഹരജി സമർപ്പിച്ചിരുന്നു. കേസ് സെഷൻസ് കോടതിയിലേക്ക് വിചാരണക്കായി മാറ്റാനിരിക്കെയാണ് പുതിയ ഹരജിയുമായി ശ്രീറാമിന്റെ അഭിഭാഷകൻ രംഗത്തെത്തിയത്. കേസിന്റെ വിചാരണ നടപടി തടസ്സപ്പെടുത്തുന്ന നീക്കത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ഫെബ്രുവരിയിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ ഒമ്പത് മാസം കഴിഞ്ഞുള്ള ഹരജി വൈകിവന്ന വിവേകമാണെന്ന് കോടതി നിരീക്ഷിച്ചു.ശ്രീറാം ആവശ്യപ്പെട്ട രേഖകൾ കൊണ്ടുവരാൻ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്.പി എസ്. ഷാനവാസിനാണ് കോടതി നിർദേശം നൽകിയത്. അടുത്തതവണ കേസ് പരിഗണിക്കുമ്പോൾ രേഖകൾ കൈമാറണമെന്നും കേസ് വിചാരണകോടതിക്ക് കൈമാറേണ്ട സാഹചര്യം നിലനിൽക്കെ ഇത്തരം കാരണങ്ങൾ പറഞ്ഞ് മാറ്റിവെക്കാൻ കഴിയില്ലെന്നും കോടതി നിർദേശിച്ചു.