രണ്ടു വർഷമായി വില്ലേജ് ഓഫീസർ ഇല്ല, ജനങ്ങൾ ദുരിതത്തിൽ,

ആതവനാട്: സ്ഥിരംം വില്ലേജ് ഓഫീസർ ഇല്ലാത്തതിനാൽ ആതവനാട് വില്ലേജിനെ ആശ്രയിക്കുന്ന ജനങ്ങൾ ദുരിതത്തിലായി.ഒക്ടോബർ 31 വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷ നൽകേണ്ട അവസാന തിയ്യതി ആണ്. ഇതിലേക്ക് വരുമാന സർട്ടിഫിക്കറ്റ് അനിവാര്യമായതിനാൽ നിരവധി പേരാണ് ഓഫീസിൽ എത്തുന്നത്.രണ്ടു വർഷം മുമ്പാണ് അവസാനം സ്ഥിരം വില്ലേജ് ഓഫീസർ ഉണ്ടായത്. അദ്ദേഹം സ്ഥലം മാറിപ്പോയതോടെ അയൽ വില്ലേജ് ഓഫീസർമാർക്ക് ചാർജ് നൽകുകയാണ് ചെയ്യുന്നത്.നിരവധി ആവശ്യങ്ങൾക്കായി മഹാമാരിക്കാലത്തും ജനം ദിവസങ്ങളോളം ഓഫീസ് കയറി ഇറങ്ങേണ്ട അവസ്ഥയാണ്.തണ്ടപ്പേരിനും നികുതി അടക്കാൻ സർവ്വേ നമ്പർ തെറ്റുവന്നവരും വരുമാന സർട്ടിഫിക്കറ്റിനും ഉൾപ്പെടെ ദിനേന എത്തി മടങ്ങിപ്പോകുന്നവർ ഒട്ടനവധിയാണ്.സ്പെഷ്യൽ വില്ലേജ് ഓഫീസർ തസ്തികയിൽ വന്നവരും വരുന്ന വേഗത്തിൽ ട്രാൻസ്ഫർ ആകുന്നതാണ് ഇപ്പോഴത്തെ അവസ്ഥ.പുതിയ ആളെത്തി ദിവസങ്ങളോളം കഴിഞ്ഞാണ് ഡിജിറ്റൽ സിഗ്നേച്ചർ ഒക്കെ ആകുന്നത്. സേവനം തുടങ്ങി ദിവസങ്ങൾക്കകം അദ്ദേഹവും പോകും.ഇപ്പോൾ ഉള്ള ഉദ്യോഗസ്ഥനും ട്രാൻസ്ഫർ ആയതായി അറിയുന്നു.വർഷങ്ങൾ പഴക്കമുള്ള സ്റ്റാഫ് പാറ്റേൺ പുതുക്കാത്തതും, കാലോചിതമായി പരിഷ്കരിക്കാത്തതും ഒഴിവുകൾ നികത്താത്തതും ഓഫീസ് പ്രവർത്തനം ശ്രമകരമാക്കുന്നതായി ജീവനക്കാരും പറയുന്നു.കമ്പ്യൂട്ടർ വൽക്കരണം വന്നതോടെ വൈദ്യുതി തകരാറും ഇൻവർട്ടർ ഇല്ലാത്തതും തുടർച്ചയായ അവധികളും അന്യ ജില്ലകളിൽ ഉള്ളവർ എത്താത്തതും ഈ ആഴ്ചകളിലെ സുഗമമായ പ്രവർത്തനത്തിന് തടസമായി.സ്ഥിരം വില്ലേജ് ഓഫീസറെ നിയമിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി അധികൃതരോട് ആവശ്യപ്പെട്ടു.ഇക്കാര്യം ആവശ്യപ്പെട്ട് അധികൃതർക്ക് നിവേദനം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.