തിരൂര്‍ ബീരാഞ്ചിറയില്‍ യുവാവിനെ കാണാതായ സംഭവം: തിരച്ചില്‍ അവസാനിപ്പിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം


തിരൂര്‍: തൃപ്രങ്ങോട് കുഞ്ചു കടവില്‍ ബീരാഞ്ചിറയില്‍ പൊലീസിനെ ഭയന്നു പുഴയില്‍ ചാടിയ യുവാവിനു വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചതിനെ നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ നേരിയ സംഘര്‍ഷം. കഴിഞ്ഞ ദിവസം രാവിലെയാണ് മണല്‍ക്കടത്ത് പിടികൂടാനെത്തിയ പോലിസിനെ കണ്ട് രണ്ട് യുവാക്കള്‍ വെള്ളത്തില്‍ ചാടിയത്. ഇതില്‍ ഹാഷിം എന്നയാള്‍ രക്ഷപ്പെട്ടു. രണ്ടാമനായ അന്‍വറിനെ (30) രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു, യുവാവിനെ കാണാതായതോടെ പിന്നീട് പോലിസും അഗ്നിശമന രക്ഷാസേനയും നാട്ടുകാരും മത്സ്യബന്ധന തൊഴിലാളികളും തിരച്ചില്‍ നടത്തി. വൈകിട്ട് ആറു മണിയോടെ പോലിസും അഗ്നിശമന രക്ഷാസേനയും തിരച്ചില്‍ അവസാനിപ്പിച്ച് മടങ്ങിപ്പോകാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ തടഞ്ഞു. ഇതോടെ കൂടുതൽ പോലീസ് എത്തി ഓടിക്കുകയും ചെയ്തു. ഇത് നേരിയ സംഘര്‍ഷത്തിന് കാരണമായി. പോലിസും അഗ്നിശമന രക്ഷാസേനയും മടങ്ങിയെങ്കിലും നാട്ടുകാരും മത്സ്യബന്ധന തൊഴിലാളികളും തിരച്ചില്‍ തുടരുകയാണ്. കാണാതായ അന്‍വര്‍ മണല്‍ക്കടത്ത് സംഘത്തിലെ ആളല്ലെന്നും മത്സ്യബന്ധനത്തിന് എത്തിയതാണെന്നും നാട്ടുകാര്‍ പറയുന്നു. ദരിദ്ര കുടുംബത്തിലെ അംഗമായ അന്‍വറിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.

കണ്ടാതായ അൻവർ