നിർധന കുടുംബങ്ങൾക്ക് നിർമിക്കുന്നത് 15 വീടുകൾ.

കൽപകഞ്ചേരി∙ പഞ്ചായത്തിലെ കല്ലിങ്ങൽ കോളനിയിൽ നിർധന കുടുംബങ്ങൾക്ക് നിർമിക്കുന്നത് 15 വീടുകൾ. നിർമാണം അന്തിമഘട്ടത്തിലാണ്. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്, തണൽ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ സഹായത്തോടെയാണ് നിർമാണം. 8 വീടുകൾക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ 32 ലക്ഷം, 7 വീടുകൾക്ക് പഞ്ചായത്തിന്റെ 28 ലക്ഷം രൂപ എന്നിങ്ങനെയാണ് വിനിയോഗിക്കുന്നത്.

തണൽ ചാരിറ്റബിൾ ട്രസ്റ്റ് ഓരോ വീടുകൾക്കും 1.5 ലക്ഷം രൂപ വീതം നൽകി. ഇരട്ടവീടുകളാണ് കോളനിയിൽ ഉണ്ടായിരുന്നത്. കാലപ്പഴക്കം കാരണം അവ വാസയോഗ്യമല്ലാതായി. മാസങ്ങൾക്കു മുൻപാണ് പണി തുടങ്ങിയത്. അടുത്തമാസം അഞ്ചാം തീയതി വീടുകളുടെ താക്കോൽ കൈമാറുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. പഴയ വീടുകൾ പൊളിച്ചതോടെ കുടുംബങ്ങൾ വാടകയ്ക്കാണ് താമസം.