ഉംറ തീർഥാടനം പുനരാരംഭിക്കുന്നു

ഞായറാഴ്ച മുതൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകരെ സ്വീകരിച്ചു തുടങ്ങും

മക്ക: ഞായറാഴ്ച മുതൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകരെ സ്വീകരിച്ചു തുടങ്ങും. നീണ്ട ഇടവേളക്കു ശേഷമാണ് വിദേശങ്ങളിലുള്ളവർക്ക് ഉംറ കർമം നിർവഹിക്കാൻ അവസരം ലഭിക്കുന്നത്.  വിദേശ രാജ്യങ്ങളിൽനിന്ന് എത്തുന്ന ഉംറ തീർഥാടകർക്ക് മൂന്നു ദിവസം ഹോട്ടലുകളിൽ ഐസൊലേഷൻ നിർബന്ധമാണെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. കോവിഡ് കാരണം എട്ടുമാസത്തോളമായി നിർത്തിവെച്ച വിദേശ ഉംറ തീർഥാടനമാണ് പുനരാരംഭിക്കുന്നത്.ആഭ്യന്തര ഉംറ തീർഥാടനം പുനരാരംഭിക്കുന്നതിെൻറ മൂന്നാംഘട്ടത്തിലാണിത്. യാത്രയിലുടനീളം തീർഥാടകർക്ക് എല്ലാ സേവനങ്ങളും പ്രദാനം ചെയ്യുന്നതിന് സുരക്ഷിതമായ സംവിധാനങ്ങളും നിയന്ത്രണങ്ങളും ഒരുക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. മുൻകരുതൽ നടപടികളും ആരോഗ്യ പ്രോേട്ടാക്കോളും പാലിച്ച് ആവശ്യമായ സീറ്റുകൾ ഒരുക്കാൻ ദേശീയ വിമാനകമ്പനിയായ സൗദി എയർലൈൻസുമായി എകോപിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 18 മുതൽ 50 വയസ്സുവരെ പ്രായമുള്ള വിദേശികൾക്കാണ് ഉംറ  നിർവഹിക്കാൻ അനുമതി നൽകുക.കൊറോണ വൈറസ് മുക്തരാണെന്ന് തെളിയിക്കുന്ന പി.സി.ആർ പരിശോധനാ റിപ്പോർട്ട് തീർഥാടകർ നൽകണം. സൗദിയിലേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലാണ് പി.സി.ആർ പരിശോധനക്കുള്ള സാമ്പിൾ ശേഖരിക്കേണ്ടത്.’ഇഅ്തമർനാ’ ആപിലെ വ്യവസ്ഥകൾക്ക് അനുസൃതമായി ഉംറ നിർവഹിക്കാനും ഹറമിൽ നമസ്‌കാരങ്ങളിൽ പങ്കെടുക്കാനും മസ്ജിദുന്നബവി സിയാറത്ത് നടത്താനും റൗദ ശരീഫിൽ നമസ്‌കാരം നിർവഹിക്കാനുമുള്ള സമയം മുൻകൂട്ടി ബുക്ക് ചെയ്തിരിക്കണം. ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കാൻ സൗദി അറേബ്യ ഏറ്റവും വലിയ മുൻഗണന നൽകുന്നതായി ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു. തീർഥാടകർക്ക് സുരക്ഷിതമായ സാഹചര്യങ്ങൾ ഒരുക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി ഹജ്, ഉംറ മന്ത്രാലയം പ്രവർത്തിക്കും.