വനമേഖലയിൽ പൊലീസ് സുരക്ഷ ശക്തമാക്കി;

വോവാദികള്‍ വെടിയേറ്റ് കൊല്ലപ്പെട്ടതിന്‍റെ ഒന്നാം വാര്‍ഷികത്തിൽ തിരിച്ചടി ഭയന്ന്.

എടക്കര: മാവോവാദികള്‍ വെടിയേറ്റ് കൊല്ലപ്പെട്ടതിന്‍റെ ഒന്നാം വാര്‍ഷികത്തിൽ തിരിച്ചടി ഭയന്ന് നിലമ്പൂർ വനമേഖലയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. ഒക്ടോബര്‍ 28 ന്‌ അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ പൊലീസ് സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോവാദികൾ കൊല്ലപ്പെട്ടിരുന്നു. പിന്നീടുണ്ടായ അന്വേഷണത്തിൽ മാവോയിസ്റ്റുകൾ പ്രത്യാക്രമണം നടത്തിയിരുന്നില്ലെന്ന വിശദാംശങ്ങളും പുറത്തു വന്നിരുന്നു.വെടിവെപ്പിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ തിരിച്ചടിയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് മലയോര മേഖലയിലുടനീളം സുരക്ഷ ശക്തമാക്കിയത്. മലപ്പുറത്ത് നിന്നും ഡോഗ് സ്‌ക്വാഡ് അടക്കമുള്ള സുരക്ഷാ സംഘം എടക്കരയിലെത്തി. വഴിക്കടവ് നാടുകാണി ചുരത്തില്‍ പരിശോധന നടത്തിയ സംഘം ആനമറിയിലെ ചെക്ക്‌പോസ്റ്റുകളിലും വിവിധ വകുപ്പ് ഓഫീസുകളിലും പരിശോധന നടത്തി. വ്യാഴാഴ്‌ച രാവിലെ എടക്കര, വഴിക്കടവ്, പോത്തുകല്‍ പൊലീസ് സ്റ്റേഷനുകളിലും ഗ്രാമപഞ്ചായത്ത്, വില്ലേജ് ഓഫീസ്, പൊതു സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും പരിശോധന നടത്തി സുരക്ഷ ഉറപ്പുവരുത്തി.

മഞ്ചക്കണ്ടി വെടിവെപ്പ് കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും ഫോറന്‍സിക് ലാബില്‍ നിന്നും ലഭിക്കേണ്ട ബാലിസ്റ്റിക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. പാലക്കാട് ജില്ല കലക്‌ടറുടെ മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ടും ഇതിനാല്‍ നല്‍കാനായിട്ടില്ല. അതുകൊണ്ടുതന്നെ കേസുമായി ബന്ധപ്പെട്ട അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്.