സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന മുഖ്യമന്ത്രി ഒന്നാം പ്രതിയെന്ന് രമേശ്‌ ചെന്നിത്തല;

സ്വര്‍ണക്കടത്ത് കേസും ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന മുഖ്യമന്ത്രി ഒന്നാം പ്രതിയെന്ന് രമേശ്‌ ചെന്നിത്തല ലാവലിന്‍ അഴിമതിയില്‍ സംഭവിച്ചത് പോലെ സ്വര്‍ണക്കടത്ത് കേസും ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപെടാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. നിരന്തരം കള്ളം പറഞ്ഞ്‌ മുഖ്യമന്ത്രി പൊതുജനത്തെ വഞ്ചിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. സ്വര്‍ണക്കടത്ത് കേസും തുടര്‍ പ്രശ്‌നങ്ങളും ശിവശങ്കറിന്‍റെ വ്യക്തിപരമായ പ്രശ്‌നമാണെന്ന് പറഞ്ഞാന്‍ ജനങ്ങള്‍ വിശ്വസിക്കില്ല. ഉദ്യോഗസ്ഥനെ ചാരിയാണ് അഴിമതി നടന്നത്. അതുകൊണ്ട് ഉദ്യോഗസ്ഥനെ ചാരി സര്‍ക്കാരിനെതിരായ പോരാട്ടം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.സ്വര്‍ണക്കടത്ത് കേസിലും അനുബന്ധ കേസിലും ഒന്നാം പ്രതി മുഖ്യമന്ത്രി തന്നെയാണ്. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ രാജി പ്രഖ്യാപിക്കുമെന്നാണ് ജനം കരുതിയതെന്നും ചെന്നത്തല പറഞ്ഞു. എവിടെ ആലു കിളര്‍ത്താലും അത് തണലാണെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. വ്യാഴാഴ്‌ച സായാഹ്ന പരിപാടിയില്‍ അവതരിപ്പിച്ചത് പ്രത്യേക ക്യാപ്‌സ്യൂളാണ്. എന്നാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ ട്രിപ്പിട്ട്‌ കിടക്കുന്ന അവസ്ഥയിലാണ്. സിപിഎം മരണശയ്യയില്‍ അന്ത്യം കാത്ത് കിടിക്കുകയാണെന്നും അവശേഷിക്കുന്ന തര്‍ക്കം പാര്‍ട്ടിക്കാണോ സര്‍ക്കാരിനാണോ ദുര്‍ഗന്ധം എന്നാണെന്നും ചെന്നിത്തല പറഞ്ഞു. മനസാക്ഷിയില്ലാത്ത സര്‍ക്കാരാണ് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നത്. മനസാക്ഷിയെ വഞ്ചിച്ച് സര്‍ക്കാര്‍ അഴിമതിയുടെ തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.