മത്സ്യത്തൊഴിലാളികള്‍ക്ക് ശാസ്ത്രീയ പരിശീലനത്തിന് സൗകര്യം:

ജില്ലാ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

തിരൂർ: ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ആധുനിക മത്സ്യബന്ധന രീതി പരിചയപ്പെടുത്തുന്നതിനും കടല്‍ സുരക്ഷ, കടല്‍രക്ഷാ പ്രവര്‍ത്തന പരിശീലനം നല്‍കുന്നതിനുമായുള്ള ജില്ലാ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ സെന്റര്‍ താനൂര്‍ മണ്ഡലത്തിലെ നിറമരുതൂര്‍ പഞ്ചായത്തിലെ ഉണ്യാലില്‍ യാഥാര്‍ഥ്യമായി. നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ ജില്ലാ നിര്‍മിതി കേന്ദ്രം പണികഴിപ്പിച്ച ഫിഷറീസ് എക്സ്റ്റന്‍ഷന്‍ സെന്റര്‍ ഫിഷറീസ് -ഹാര്‍ബര്‍ എഞ്ചിനീയറിങ്-കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. മത്സ്യകര്‍ഷകര്‍ക്ക് നൂതന മത്സ്യകൃഷി സാങ്കേതിക പരിജ്ഞനവും നല്‍കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് വകുപ്പ് തലത്തില്‍ ആവിഷ്‌കരിക്കുന്ന പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും ജില്ലാ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ സെന്ററില്‍ സൗകര്യമുണ്ട്. വി.അബ്ദുറഹ്മാന്‍ എം.എല്‍.എ അധ്യക്ഷനായി. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയായി.