കടല്‍ക്ഷോഭത്തില്‍ വള്ളവും ഉപകരണങ്ങളും തകര്‍ന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സഹായം നഷ്ടപരിഹാരമായി ജില്ലയില്‍ നല്‍കിയത് 30,32,589 രൂപ:സുരക്ഷ ഉപകരണങ്ങളും കൈമാറി

താനൂർ: കടല്‍ക്ഷോഭത്തില്‍ മത്സ്യബന്ധനോപാധികള്‍ നഷ്ടപ്പെട്ട 21 മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാര തുക കൈമാറി. 2019ല്‍ വിവിധ സമയങ്ങളിലായി അപകടത്തില്‍പ്പെട്ട് വള്ളവും അനുബന്ധ ഉപകരണങ്ങളും തകര്‍ന്ന ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് 30,32,589 രൂപയാണ് നഷ്ടപരിഹാരമായി നല്‍കിയത്. പ്രകൃതിക്ഷോഭസമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഗോവയിലെ നാഷനല്‍ ഇന്‍സിസ്റ്റ്യൂട്ട് വാട്ടര്‍ ഫോഴ്സില്‍ നിന്ന് ശാസ്ത്രീയ പരിശീലനം നേടിയ 60 മത്സ്യത്തൊഴിലാളികളായ കടല്‍ സുരക്ഷ സ്‌ക്വാഡ് അംഗങ്ങള്‍ക്ക്് സുരക്ഷാ ഉപകരണങ്ങളും യൂനിഫോമും ഇതോടൊപ്പം വിതരണം ചെയ്തു. ജിപിഎസ്, ടോര്‍ച്ച്, ലൈഫ് ബോയ എന്നിവയാണ് കൈമാറിയത്.

 

സംസ്ഥാനതല ഉദ്ഘാടനം ഫിഷറീസ്-ഹാര്‍ബര്‍ എഞ്ചിനീയറിങ്്-കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ഓണ്‍ലൈനായി നിര്‍വഹിച്ചു. ധനകാര്യ-കയര്‍ വകുപ്പ് മന്ത്രി ഡോ.ടിഎം തോമസ് ഐസക്ക് അധ്യക്ഷനായി. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, പൊതുമരാമത്ത്- രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ എന്നിവര്‍ മുഖ്യാതിഥികളായി. ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ഫിഷറീസ് ഡയറക്ടര്‍ സി.എ ലത, ഫിഷറീസ് അഡീഷനല്‍ ഡയറക്ടര്‍ ആര്‍. സന്ധ്യ എന്നിവര്‍ പങ്കെടുത്തു.

അനുബന്ധ ജില്ലാതല വിതരണ നിര്‍വഹണോദ്ഘാടനം വി.അബ്ദുറഹ്മാന്‍ എം.എല്‍.എ നിര്‍വഹിച്ചു. പ്രളയസമയത്ത് നിലമ്പൂരില്‍ 150 ഓളം കുടുംബങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപാര്‍പ്പിക്കാന്‍ നേതൃത്വം നല്‍കിയ പൊന്നാനിയിലെ മത്സ്യത്തൊഴിലാളികള്‍ക്കുള്ള നിലമ്പൂര്‍ താലൂക്കിന്റെ ഉപഹാരം എം.എല്‍.എ സമ്മാനിച്ചു. ചടങ്ങില്‍ താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.എ റസാഖ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.ചിത്ര എന്നിവര്‍ പങ്കെടുത്തു.