കോഴിക്കോട്: ലോറിയിൽ കടത്താൻ ശ്രമിച്ച 120 കിലോ കഞ്ചാവ് പോലീസ് പിടികൂടി. കോഴിക്കോട് പന്തീരാങ്കാവിൽ വാഹന പരിശോധനയ്ക്കിടെയാണ് കഞ്ചാവ് പിടികൂടിയത്. ലോറി ഡ്രൈവർ തിരൂർ സ്വദേശി പ്രദീപ് കുമാറിനെ(42) പോലീസ് കസ്റ്റഡിയിലെടുത്തു.
ഒഡീഷയിലെ റായ്ഘട്ടിൽ നിന്നാണ് കഞ്ചാവ് കേരളത്തിലെത്തിച്ചിരുന്നത്. കുടകിൽ നിന്നും ചെന്നൈയിലേക്ക് ഇഞ്ചിയുമായി പോയ ലോറിയാണ് കഞ്ചാവ് കടത്തുന്നതിനായി ഉപയോഗിച്ചത്. ആന്ധ്രയിലെ മാവോയിസ്റ്റ് കേന്ദ്രങ്ങളിൽ നിന്നും കേരളത്തിലേക്ക് കടത്തിയിരുന്ന കഞ്ചാവ് നിരവധി തവണ പോലീസ് പിടികൂടിയിരുന്നു. തുടർന്ന് ഏക്കറുകണക്കിന് കഞ്ചാവ് തോട്ടം ആന്ധ്ര പോലീസ് നശിപ്പിക്കുകയും ചെയ്തു. ഇത്തരത്തിൽ പോലീസ് നിരീക്ഷണം ശക്തമായതിനെതുടർന്ന് കഞ്ചാവ് വൻതോതിൽ മറ്റൊരു രഹസ്യകേന്ദ്രത്തിലാണ് സൂക്ഷിച്ചുവന്നിരുന്നത്. റായ്ഘട്ടിലെ ഈ രഹസ്യകേന്ദ്രത്തെകുറിച്ച് കോഴിക്കോട് ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ഫോഴ്സിന് (ഡൻസാഫ്) രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്യസംസ്ഥാനങ്ങളിൽ ചരക്ക് നീക്കം നടത്തുന്നലോറികളെ നിരീക്ഷിക്കാൻ കോഴിക്കോട് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സുജിത്ത്ദാസ് നർക്കോട്ടിക് സെൽ എ.സി.പി. സുനിൽകുമാറിന് നിർദ്ദേശം നൽകി.
ചരക്കുമായി അതിർത്തികടക്കുന്ന ലോറികളിൽ തിരികെ കൊണ്ടുവരുന്നത് എന്താണെന്നും അതിൽ ലോഡ് കയറ്റുന്നത് എവിടെനിന്നാണെന്നും അറിയുക എന്നത് ശ്രമകരമാണെങ്കിലും ഏറ്റെടുത്ത ദൗത്യം ഡൻസാഫ് കൃത്യമായി നടപ്പിലാക്കി. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വിവരശേഖരണം നടത്തുന്നതിന് കോഴിക്കോട് ജില്ലാ പോലീസ് മേധാവി ഡി.ഐ.ജി എ.വി.ജോർജ് മാർഗ്ഗനിർദ്ദേശം നൽകി. കുടകിൽ നിന്നും ചെന്നൈയിലേക്ക് ഇഞ്ചിയുമായി പോയ ലോറി ചരക്കൊന്നുമില്ലാതെ തമിഴ്നാട് അതിർത്തി കടന്നവിവരം ലഭിച്ചതിനെതുടർന്ന് പോലീസ് നിരീക്ഷണം ഊർജ്ജിതമാക്കിയത്. ഇതിനിടെയാണ് പന്തീരാങ്കാവ് പോലീസിന്റെ വാഹന പരിശോധനയിൽ കഞ്ചാവ് കടത്തിയ ലോറി പിടിയിലായത്. ഡ്രൈവർ ക്യാബിനിലായിരുന്നു 120 കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വിപണിയിൽ ഇതിന് കോടികൾ വിലവരും.
പന്തീരാങ്കാവ് ഇൻസ്പെക്ടർ ബിജു ജോസഫ്, എസ്.ഐ മാരായ രഞ്ജിത്ത്, അബ്ദുൾ മുനീർ, എസ്.സി.പി.ഒ ശ്രീജിത്ത്, പ്രബീഷ്, ഡ്രൈവർ സി പി.ഒ ജിതിൻ, സി പി ഒ അനീഷ്, രഞ്ജിത്ത്, ഡൻസാഫ് അംഗങ്ങളായ എ.എസ്.ഐ മുഹമ്മദ് ഷാഫി എം, സീനിയർ സി.പി.ഒ അഖിലേഷ്.കെ., ജോമോൻ കെ എ, ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ സജി എം, സി.പി ഒ മാരായ ശ്രീജിത്ത് പി, ഷഹീർ പി.ടി, സുമേഷ് എവി എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു