മികവിന്റെ കേന്ദ്രമായി ഇ.എം.എസ്. വിദ്യാഭ്യാസ കോംപ്ലക്സിലെ ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍

വിദ്യാര്‍ഥികള്‍ക്ക് പഠിക്കാവുന്ന രീതിയില്‍ മികച്ച ഡിസൈനോടും സ്ഥല സൗകര്യങ്ങളോടും കൂടിയാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.

 

പെരിന്തല്‍മണ്ണ: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പെരിന്തല്‍മണ്ണ നഗരസഭയിലെ ഇ.എം.എസ്. വിദ്യാഭ്യാസ കോംപ്ലക്സിലെ ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മികവിന്റെ കേന്ദ്രമാക്കി. നിര്‍മാണം പൂര്‍ത്തിയായ സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഓണ്‍ലൈനായി നിര്‍വഹിച്ചു.

 

അന്താരാഷ്ട്ര നിലവാരമുള്ള എട്ട് ലാബുകളും 16 വലിയ ക്ലാസ് മുറികളുമടങ്ങുന്ന രണ്ട് ഹയര്‍ സെക്കന്‍ഡറി ബ്ലോക്കുകളും 36 ക്ലാസ് മുറികളും നാല് ലാബുകളുമടങ്ങിയ മൂന്ന് യു.പി, ഹെസ്‌ക്കൂള്‍ ബ്ലോക്കുമാണ് ഇ.എം.എസ് വിദ്യാഭ്യാസ കോംപ്ലക്‌സിലുള്ളത്. 3,500 ഓളം വിദ്യാര്‍ഥികള്‍ക്ക് പഠിക്കാവുന്ന രീതിയില്‍ മികച്ച ഡിസൈനോടും സ്ഥല സൗകര്യങ്ങളോടും കൂടിയാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.

 

ഓഫീസ് പ്രവര്‍ത്തനത്തിന് പ്രത്യേകം അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, നവീന ചുറ്റുമതിലും ഗേറ്റും, മഴവെള്ള സംഭരണി, ലാന്റ്‌സ്‌കേപ്പിങ്, പൂന്തോട്ടം, സ്റ്റേജ്, അഴുക്കുചാല്‍, പാചകപ്പുര, ഡൈനിങ് ഹാള്‍, ടോയ്‌ലറ്റുകള്‍, ഫര്‍ണിച്ചര്‍, ലൈബ്രറി, ഭക്ഷണവും സ്റ്റേഷനറിയും വാങ്ങാവുന്ന കിയോസ്‌ക്ക് തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് 150 വര്‍ഷം പഴക്കമുള്ള വിദ്യാലയം എല്ലാ സൗകര്യങ്ങളോടും കൂടി പുനര്‍നിര്‍മിച്ചിരിക്കുന്നത്. നഗരസഭയുടെ 10 കോടി രൂപയും കേരള സര്‍ക്കാരിന്റെ അഞ്ച് കോടി രൂപയും ചേര്‍ത്ത് 15 കോടി ചെലവിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

 

നഗരസഭാ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം അധ്യക്ഷനായി. വൈസ് ചെയര്‍ പേഴ്‌സണ്‍ നിഷി അനില്‍ രാജ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.വിഫൗസിയ, മുനിസിപ്പല്‍ എഞ്ചീനിയര്‍ എന്‍. പ്രസന്നകുമാര്‍, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ കിഴിശ്ശേരി മുസ്തഫ, കെ.സി.മൊയ്തീന്‍കുട്ടി, പി.ടി ശോഭന, പത്തത്ത് ആരിഫ്, രതി അല്ലക്കാട്ടില്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ താമരത്ത് ഉസ്മാന്‍, തെക്കത്ത്ഉസ്മാന്‍, നഗരസഭാ സെക്രട്ടറി അബ്ദുള്‍ സജീം, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് പി.മുഹമ്മദ് മുസ്തഫ, വ്യാപാരി വ്യവസായി സമിതി കെ. സുബ്രമണ്യന്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ എം. പ്രേമലത, സ്‌കൂള്‍ പ്രധാനധ്യാപിക വഹീദ ബീഗം തുടങ്ങിയവര്‍ പങ്കെടുത്തു.