നിര്‍ത്തിയിട്ട കാറില്‍ നിന്ന് പണമടങ്ങിയ ബാഗ് മോഷ്ടിച്ച് കടന്നുകളഞ്ഞ സംഭവം; ഒരാള്‍ അറസ്റ്റില്‍.

 

വളാഞ്ചേരി: നിര്‍ത്തിയിട്ട കാറില്‍ നിന്ന് പണമടങ്ങിയ ബാഗ് മോഷ്ടിച്ച് കടന്നുകളഞ്ഞ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ആലുവ സ്വദേശി മാടവന വീട്ടില്‍ സിദ്ധീഖ് (46) എന്ന മാടവന സിദ്ധിയെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. 2020 ഓഗസ്റ്റ് 20നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ദേശീയപാത 66ല്‍ വളാഞ്ചേരി സര്‍വീസ് സഹകരണ ബാങ്കിന് സമീപത്തായി നിര്‍ത്തിയിട്ടിരുന്ന കെ.എല്‍-09-എ.ല്‍-4001 നമ്പര്‍ ടൊയോട്ട ഇന്നോവ കാറിന്റെ ക്വാര്‍ട്ടര്‍ ഗ്ലാസ് തകര്‍ത്ത് വാതില്‍ തുറന്ന് പണവും രേഖകളുമടങ്ങിയ ബാഗ് മോഷ്ടിച്ച് രണ്ട് പേര്‍ ബൈക്കില്‍ കടന്നുകളയുകയായിരുന്നു. ഇതു സംബന്ധിച്ച് ലഭിച്ച പരാതിയിന്മേല്‍ വളാഞ്ചേരി പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് സമാന കേസുകളില്‌പെട്ട് പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനില്‍ പിടിയിലായ സിദ്ധീഖ് തന്നെയാണ് വളാഞ്ചേരിയിലെ ബാഗ് മോഷണത്തിലും ഉള്‍പ്പെട്ടതെന്ന് സി.സി.ടി.വി തെളിവുകളുടെ അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് വളാഞ്ചേരി പോലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇയാളുടെ കൂട്ടുപ്രതിയെ കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് വളാഞ്ചേരി എസ്.ഐ മുരളികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.