എണ്‍പതുകളില്‍ മലബാറിലെ മുസ്ലിം വിവാഹ വീടുകളില്‍ തരംഗമായിരുന്ന സുബൈദ മധുരമൂറും അനുഭവങ്ങൾ ഓർത്തെടുക്കുന്നു

    വീഡിയോ കാണാം                                                 https://youtu.be/mbhngD7X4eo

എണ്‍പതുകളില്‍ മലബാറിലെ മുസ്ലിം വിവാഹ വീടുകളില്‍ നിന്നു കേട്ടിരുന്ന പാട്ടുകളിലൊന്നാണിത്. അന്ന് വിവാഹ വീടുകളിലെ സംഗീത വിരുന്നുകളില്‍ പാട്ടുപാടിയിരുന്ന കൗമാരക്കാരിയായിരുന്ന സുബൈദ ഇന്ന് ആ മധുരമൂറും സംഗീത സന്ധ്യകളെ ഓര്‍ത്തെടുക്കുകയാണ്. ഇന്നത്തേത്തില്‍ നിന്നെല്ലാം വ്യത്യസ്തമാണ് എണ്‍പതുകളിലെയും അതിനു മുന്‍പുമുള്ള വിവാഹദിന സാഹചര്യങ്ങള്‍. വിവാഹം നടക്കുന്ന വീട്ടില്‍ രാവിലെ മുതല്‍ തന്നെ ബന്ധുക്കളും നാട്ടുകാരുമെല്ലാം വന്നു തുടങ്ങും. ഒപ്പം കല്യാണപ്പാട്ടുകളും തുടങ്ങും. രാവിലെ മുതല്‍ തന്നെ തുടങ്ങുന്ന സംഗീത സദസുകള്‍ രാത്രി വൈകിയും നീളും. അന്നൊക്കെ പുതിയാപ്ല രാവിലെ ഇറങ്ങിയാലും പെണ്ണിന്റെ വീടെത്താന്‍ രാത്രിയാവും. കാരണം കാല്‍നട മാത്രമാണ് മാര്‍ഗം. പെണ്ണുമായി തിരിച്ച് ചെക്കന്റെ വീട്ടിലെത്തുമ്പോഴേയ്ക്കും രാത്രിയേറെ വൈകും. ഈ സമയത്ത് വിവാഹ വീടുകളിലെ ഏക സന്തോഷ നിമിഷങ്ങളാണ് ഹാര്‍മോണിയവും തബലയുമൊക്കെ വായിച്ചുള്ള ഗാനസദസുകള്‍. അന്ന് വിവാഹ വീടുകളില്‍ ഏറെ പ്രസിദ്ധമായ സംഘമായിരുന്നു കെ.എം. ബാവുട്ടിയും അനിയന്‍ ബാപ്പുട്ടിയും ബാവുട്ടിയുടെ മകള്‍ സുബൈദയും. കെ.എം. ബാവുട്ടി പാട്ടെഴുതുമ്പോള്‍ അതിന് സംഗീതം നല്‍കി പാടുന്നത് അനിയന്‍ ബാപ്പുട്ടിയാണ്. ഈ സംഘത്തിലേയ്ക്ക് 11 വയസിലാണ് സുബൈദയെത്തുന്നത്. നാലു വയസു മുതല്‍ തന്നെ എളാപ്പ സുബൈദയെ ഹാര്‍മോണിയം വായിക്കുന്നത് പഠിപ്പിച്ചിരുന്നു. ഒപ്പം പാടാനുള്ള വാസന കൂടിയുണ്ടെന്നു തിരിച്ചറിഞ്ഞതോടെ എളാപ്പ ബാപ്പുട്ടി സുബൈദയെയും കൂടെ കൂട്ടി. സുബൈദയുടെ പാട്ടുകള്‍ക്ക് കല്യാണ വീടുകളില്‍ മാര്‍ക്കറ്റ് കൂടിയപ്പോള്‍ അക്കാലത്തെ ഏറ്റവും തിരക്കുള്ള ഗായകസംഘമായി ഇവര്‍ മാറുകയായിരുന്നു.

ഇന്ന് പ്രായമേറെയായി, പഴയ പോലെ പാടാനൊന്നും വയ്യ സുബൈദയ്ക്ക്. കാരണം അസുഖങ്ങള്‍ ഏറെയുണ്ട്. എങ്കിലും പാട്ടുപെട്ടി കയ്യില്‍ കിട്ടിയാല്‍ ഒന്നു തലോടാതിരിക്കാന്‍ കഴിയുന്നില്ല ഈ പഴയ ജനപ്രിയ ഗായികയ്ക്ക്. ഭര്‍ത്താവ് ബഷീറിന്റെയും ഗായകന്‍ കൂടിയായ മകന്‍ സിറാജിന്റെയും കമാലിന്റെയും സംഗീതത്തോടുള്ള അഭിനിവേശം കാണുമ്പോള്‍ സുബൈദ ആ പഴയ പാട്ടോര്‍മകളെ ചികഞ്ഞെടുക്കും. കുടുംബത്തില്‍ കുട്ടികള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പമിരിക്കുമ്പോള്‍ ആരോഗ്യസ്ഥിതി അനുവദിക്കുന്നില്ലെങ്കിലും സുബൈദ പാടുന്നത് അതുകൊണ്ടാണെന്ന് പറയുന്നു മക്കളും ഭര്‍ത്താവും. സംഗീത സാമ്രാട്ടുകളുടെ നാടായ കോഴിക്കോട്ടേയ്ക്കാണ് വിവാഹം കഴിപ്പിച്ചയച്ചത്. അതുകൊണ്ടു തന്നെ സംഗീത ജീവിതത്തിന്റെ കാലത്തിനും ദൈര്‍ഘ്യമേറി. പ്രായമേറിയപ്പോള്‍ ഭര്‍ത്താവും കുടുംബവുമൊന്നിച്ച് ജന്മനാടായ കൂട്ടായിലേയ്ക്ക് തിരിച്ചെത്തുകയായിരുന്നു സുബൈദയും കുടുംബവും. തന്റെ പാരമ്പര്യം തുടര്‍ന്നു കൊണ്ടു പോകാന്‍ മകന്‍ സിറാജുള്ളതിന്റെ ആത്മ സംതൃപ്തിയുണ്ട് സുബൈദയ്ക്ക്. ഒപ്പം ഭര്‍ത്താവും നന്നായി പാടുന്നതു കൊണ്ട് വറുതികള്‍ക്കിടയിലും ഈ കുടുംബത്തിന്റെ അകത്തളങ്ങളില്‍ ഇന്നും ആ പഴയ മണ്ണിന്റെ മണമുള്ള പാട്ടുകള്‍ മുഴങ്ങുന്നുണ്ട്.

എന്റര്‍ടെയ്ന്‍മെന്റ് ഡെസ്‌ക്- സിറ്റിസ്‌കാന്‍