കരിപ്പൂരില്‍ ഡ്രൈവര്‍മാരെ ആക്രമിക്കുന്നത് പതിവാകുന്നു

കരിപ്പൂര്‍ : കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാരെ കൊണ്ടുപോകുന്നതിനായി എത്തുന്ന ടാക്‌സി വാഹനങ്ങളിലെ ഡ്രൈവര്‍മാരെയും യാത്രക്കാരെയും കരിപ്പൂര്‍ വിമാനതാവളത്തിലെ ടാക്‌സി ഡ്രൈവര്‍മാര്‍ ആക്രമിക്കുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം നവംബര്‍ 2 ന് വിദേശത്തു നിന്നും എത്തിയ യാത്രക്കാരനെ വീട്ടിലെത്തിക്കാന്‍ വീട്ടുകാര്‍ അവരുടെ നാട്ടില്‍ നിന്നും വിളിച്ചുകൊണ്ടുവന്ന ടാക്‌സി ഡ്രൈവറായ അലി പൊന്നാനിയെ കരിപ്പൂര്‍ വിമാനതവാള പരിസരത്തെ ടാക്‌സി ഡ്രൈവര്‍മാര്‍ മര്‍ദ്ദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അലിയും യാത്രക്കാരനും കരിപ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗ്ഗനൈസേഷന്‍ ( കെ ടി ഡി ഒ) മലപ്പുറം ജില്ലാ കമ്മിറ്റി കരിപ്പൂര്‍ പോലീസ് സ്‌റ്റേഷനിലും, ജില്ലാ പോലീസ് സൂപ്രണ്ടിനും, ജില്ലാ കലക്ടര്‍ക്കും , മുഖ്യമന്ത്രി എന്നിവര്‍ക്കുമെല്ലാം പരാതി നല്‍കി.

കോവിഡ് 19 മഹാമാരി കാലത്ത് വിദേശത്തു നിന്നും പ്രവാസികള്‍ വരുന്ന സമയത്ത് എയര്‍പോര്‍ട്ട് ടാക്‌സികള്‍ സര്‍വീസ് നടത്താന്‍ വിസമ്മതിച്ചസമയത്ത് മലപ്പുറം ആര്‍ ടി ഒ യുടെ നിര്‍ദ്ദേശ പ്രകാരം മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടാക്‌സി വാഹനങ്ങള്‍ എയര്‍പോര്‍ട്ടിലെത്തി വിദേശത്തു നിന്നും തിരിച്ചെത്തുന്നവരെ വീടുകളില്‍ എത്തിച്ചിരുന്നു. ഇപ്പോള്‍ ഫ്‌ളൈറ്റുകള്‍ കുറവായതിനാല്‍ ആര്‍ ടി ഒ യുടെ നിര്‍ദ്ദേശ പ്രകാരം മേല്‍പ്പറഞ്ഞ ടാക്‌സികള്‍ ഒന്നും തന്നെ സര്‍വീസ് നടത്തുന്നില്ല.

പ്രവാസികളുടെ ബന്ധുക്കള്‍ ടാക്‌സി വാഹനങ്ങള്‍ ബുക്ക് ചെയ്ത് അവയുമായി എയര്‍പോര്‍ട്ടിലെത്തുമ്പോള്‍ എയര്‍പോര്‍ട്ടിലുള്ള ടാക്‌സി ഡ്രൈവര്‍മാര്‍ വാഹനം തടഞ്ഞു വെച്ച് മര്‍ദ്ദിക്കല്‍ പതിവാണ്. ഇതിനെതിരെ പരാതി നല്‍കിയിട്ടും ഇതുവരെയും നടപടികളൊന്നും ഉണ്ടായിട്ടുമില്ല.

ജില്ലാ സെക്രട്ടറി അബ്ദുല്‍ അസീസ് പട്ടിക്കാട്, സംസ്ഥാന കൗണ്‍സില്‍ അംഗം അസി വാണിയമ്പലം, 65 സോണ്‍ പ്രസിഡന്റ് അഷ്‌റഫ് നമ്പ്യേടത്ത്, സലീം മേല്‍മുറി, മുനീര്‍ കോട്ടക്കല്‍ എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.