അര്‍ണാബ് ഗോസ്വാമി അറസ്റ്റില്‍.

അര്‍ണാബിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമുള്ളതായി ഇന്നലെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു

റിപ്പബ്ലിക് ടി.വി സിഇഒയും എഡിറ്റര്‍ ഇന്‍ ചാര്‍ജുമായ അര്‍ണാബ് ഗോസ്വാമി അറസ്റ്റില്‍. ആത്മഹത്യാ പ്രേരണക്കുറ്റവുമായി ബന്ധപ്പെട്ട കേസിലാണ് അര്‍ണാബിനെ അറസ്റ്റ് ചെയ്തത്. മുംബൈയിലെ വസതിയില്‍ എത്തിയ പൊലീസ് അര്‍ണാബിനെ ബലമായി അറസ്റ്റ് ചെയ്തത്. അര്‍ണാബിനെ റായിഗഡ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് മുംബൈ പൊലീസ് അര്‍ണാബിന്റെ വീട്ടിലെത്തിയത്. ഏഴ് മണിയോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇവിടെ എത്തി. തുടര്‍ന്ന് അര്‍ണാബിനെ കാണണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെ വീട്ടിലേക്ക് പ്രവേശിക്കുകയും അര്‍ണാബിനെ ബലമായി കൊണ്ടുപോകുകയുമായിരുന്നു. അര്‍ണാബിനെ കൈയേറ്റം ചെയ്തതായി റിപ്പബ്ലിക് ടി.വി ആരോപിച്ചു.
2018 ലാണ് അര്‍ണാബിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തത്. ഐപിസി 306 അനുസരിച്ചാണ് കേസെടുത്തത്. അര്‍ണാബിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമുള്ളതായി ഇന്നലെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. അര്‍ണാബിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുംബൈ പൊലീസിന്റെ നടപടി.