ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലിൽ ജീവനൊടുക്കി.

ഡി.വൈ.എഫ്.ഐ. പ്രവർത്തകനായിരുന്ന ഇയാൾക്കെതിരേ പോക്സോ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തെങ്കിലും ഇയാൾ ഒളിവിൽ പോവുകയായിരുന്നു

കട്ടപ്പന: നരിയംപാറയിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലിൽ ജീവനൊടുക്കി. നരിയംപാറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ മനു മനോജാണ്(24) ജയിലിൽ തൂങ്ങിമരിച്ചത്. പീഡനത്തിനിരയായി ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി ചികിത്സയിലിരിക്കെ അഞ്ച് ദിവസം മുമ്പ് മരിച്ചിരുന്നു.

ഒക്ടോബർ 23-നാണ് പീഡനത്തിനിരയായ 16-കാരി തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.

ആത്മഹത്യാശ്രമത്തിന് രണ്ട് ദിവസം മുമ്പാണ് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് കാണിച്ച് കുടുംബം മനുവിനെതിരേ പരാതി നൽകിയത്. ഡി.വൈ.എഫ്.ഐ. പ്രവർത്തകനായിരുന്ന ഇയാൾക്കെതിരേ പോക്സോ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തെങ്കിലും ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പെൺകുട്ടി ആത്മഹത്യാശ്രമം നടത്തിയതിന് പിന്നാലെയാണ് പ്രതിയെ പോലീസ് പിടികൂടിയത്.