കഞ്ഞിപ്പുര മൂടാൽ ബൈപ്പാസ് പുനരാരംഭ പ്രവൃത്തികളുടെ നിർമ്മാണം ഉദ്ഘാടനം ചെയ്തു
6 കിലോമീറ്റർ ദൂരത്തിൽ 15 മീറ്റർ വീതിയിലാണ് റോഡ് നിർമ്മാണത്തിന് സ്ഥലമേറ്റെടുത്തിട്ടുള്ളത്.
വളാഞ്ചേരി:കഞ്ഞിപ്പുര മൂടാൽ ബൈപ്പാസ് നിർമ്മാണ പ്രവൃത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. കാർത്തല ചുങ്കത്ത് വെച്ച് നടന്ന ചടങ്ങിൽ
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ അധ്യക്ഷത വഹിച്ചു.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, ആതവനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ഇസ്മയിൽ ,
പൊതുമരാമത്ത് സൂപ്രണ്ടിംഗ് എഞ്ചിനീയർ വിശ്വപ്രകാശ്, എക്സിക്യുട്ടീവ് എഞ്ചിനീയർ എ പി എം അഷ്റഫ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.
6 കിലോമീറ്റർ ദൂരത്തിൽ 15 മീറ്റർ വീതിയിലാണ് റോഡ് നിർമ്മാണത്തിന് സ്ഥലമേറ്റെടുത്തിട്ടുള്ളത്.
11.34 കോടി രൂപ (11344792 രൂപ) ചെലവിൽ റോഡ് നിർമ്മാണ പ്രവൃത്തികളാണ് ഇപ്പോൾ ആരംഭിക്കുന്നത്. .
ബൈപ്പാസ് നിർമ്മാണത്തിനായി ആവശ്യമുള്ള 7.1262 ഹെക്ടർ ഭൂമി ഏറ്റെടുക്കൽ പൂർത്തിയായിട്ടുണ്ട്. 2012 ൽ മരാമത്ത് പ്രവൃത്തികൾക്കായി അനുവദിച്ച ഫണ്ടിൽ (15 കോടി ) നിന്നും 13.42 കോടി രൂപയ്ക്ക(134283000 )
സാങ്കേതികാനുമതി പുതുക്കി നൽകിയാണ് ഇപ്പോൾ 11.34 കോടിയുടെ മരാമത്ത് പ്രവൃത്തികളാണ് നടക്കുന്നത്. 15 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുത്തിട്ടുള്ള റോഡിൽ അലൈൻമെൻ്റ് ശരിയാക്കിയും കയറ്റിറക്കം തീർത്തും സംരക്ഷണഭിത്തിയും ഓവ് ചാലുകളും നിർമ്മിച്ചും ഏഴ് മീറ്റർ വീതിയിൽ ഉപരിതലം ടാറിംഗ് നടത്തി ബൈപ്പാസ് ഗതാഗത യോഗ്യമാക്കുന്നതാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്.
ദേശീയ പാത 66 ൽ സ്ഥിരം അപകടമേഖലയായ വട്ടപ്പാറ വളവിൽ സ്ഥിരമായുണ്ടാകുന്ന അപകടങ്ങൾക്ക് ശാശ്വത പരിഹാരം എന്ന നിലക്കാണ് കഴിഞ്ഞ യു.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് കഞ്ഞിപ്പുര- മൂടാൽ ബൈപ്പാസ് നിർമ്മിക്കാൻ തീരുമാനിച്ചത്. 2012 ഫെബ്രുവരി 23 ന് 275/ 2012 പൊ .മ.വ പ്രകാരം ഇരുപത്തഞ്ച് കോടി രൂപക്ക് ഭരണാനുമതി ലഭ്യമാകുകയും ചെയ്തിരുന്നു. ഇതിൽ പത്ത് കോടി രൂപ ഭൂമിയെടുക്കുന്നതിനും പതിനഞ്ച് കോടി രൂപ നിർമ്മാണ പ്രവൃത്തിക്കും ആയിരുന്നു. 2013 ഏപ്രിൽ 18 ന് ടെണ്ടർ ചെയ്യുകയും 2014 ഏപ്രിൽ 16ന് കരാർ വെക്കുകയും ചെയ്തു. സ്ഥലമേറ്റെടുപ്പിനായി കാലതാമസം നേരിട്ടതിനാലും കരാറുകാരന് നീട്ടി നൽകിയ കാലാവധി 2016 ഡിസംബറിൽ അവസാനിച്ചതിനാലും പദ്ധതി പ്രവർത്തനങ്ങൾ നിശ്ചലാവസ്ഥയിലാവുകയായിരുന്നു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
എം.എൽ.എയുടെ നിരന്തരമായ ഇടപെടലിനെ തുടർന്ന് ഭൂമി ഏറ്റെടുക്കലിനായി 2016ൽ പത്ത് കോടി രൂപയും 2018ൽ 23.64 കോടി രൂപയും അനുവദിക്കുകയും ഭൂമി ഏറ്റെടുക്കുകയും ചെയ്തിരുന്നു.
2017 മെയ് മാസത്തിലും, 2018 മാർച്ചിൽ വട്ടപ്പാറ വളവിൽ ഉണ്ടായ വാഹന അപകടത്തിൽ 3 പേർ ദാരുണമായി മരണമടഞ്ഞ സംഭവത്തെ തുടർന്നും
2019 സപ്തംബറിലും പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ കഞ്ഞിപ്പുര മൂടാൽ ബൈപ്പാസ് നിർമ്മാണം അടിയന്തിരമായി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു. നിരവധി തവണ ചോദ്യങ്ങളും ഇത് സംബന്ധിച്ച് നിയമസഭയിൽ ഉന്നയിച്ചിരുന്നു. എം.എൽ.എയുടെ നിരന്തരമായ ഇടപെടലിനെ തുടർന്ന് റോഡിൽ നിന്ന് വൈദ്യുതി ലൈനുകളും പോസ്റ്റുകളും മാറ്റി സ്ഥാപിക്കുന്നതിന് 25.40 ലക്ഷം രൂപയും പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതിന് കേരള വാട്ടർ അതോറിറ്റിക്ക് 31 ലക്ഷം രൂപയും നേരത്തെ അനുവദിച്ചിരുന്നു.എം.എൽ.എ നഷ്ട പരിഹാരത്തിന് അർഹരായ സ്ഥലം ഉടമകളുടെ യോഗവും വിവിധ ഘട്ടങ്ങളിൽ ഉദ്യോഗസ്ഥരുടെ അവലോകന യോഗവും വിളിച്ച് ചേർക്കുകയും ചെയ്തിരുന്നു