ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കും ന്യൂസ് പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കും ന്യൂസ് പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇവയെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിലാക്കി കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി. വിജ്ഞാപനത്തിൽ പ്രസിഡന്‍റ് രാംനാഥ് കോവിന്ദ് തിങ്കളാഴ്ച ഒപ്പുവെച്ചു. ഇതോടെ കേന്ദ്രസർക്കാർ ചട്ടങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കും ബാധകമാകും.

 

ഓൺലൈൻ ന്യൂസ് പോർട്ടലുകൾക്ക് പുറമെ നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കും ഷോപ്പിങ് സൈറ്റുകൾക്കും നിയന്ത്രണം കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ ഓണ്‍ലൈന്‍ സിനിമകള്‍ക്കും പരിപാടികള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിയമനിര്‍മാണ നടപടികള്‍ നേരത്തെ തുടങ്ങിയിരുന്നു. ഒ.ടി.ടി പ്ളാറ്റ്ഫോമുകളെ നിയന്ത്രിക്കാൻ സ്വതന്ത്രബോഡി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഒരു ഹരജി സുപ്രീംകോടതിയിലെത്തിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

 

ഹരജിയിൽ കേന്ദ്രസർക്കാറിനും വാർത്താവിതരണ മന്ത്രാലയത്തിനും ഇന്‍റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷനും കോടതി നോട്ടീസ് അയച്ചിരുന്നു. നിലവിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാൻ സ്വതന്ത്ര ബോഡികളോ നിയമമോ നിലവില്ലെന്നും ഇതാവാശ്യമാണെന്നുമായിരുന്നു കേന്ദ്രസർക്കാറിന്‍റെ നിലപാട്. ഇതിന്‍റെ ചുവടുപിടിച്ചാണ് പുതിയ നിയന്ത്രണം.