തദ്ദേശ തെരഞ്ഞെടുപ്പ്: കൊവിഡ്- ഹരിതപ്രോട്ടോകോള്‍ പാലിക്കണം.

നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ശക്തമായ നടപടിയെന്ന് ജില്ലാ കലക്ടര്‍

മലപ്പുറം :തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും കൊവിഡ് -ഹരിത പ്രോട്ടോകോള്‍ പാലിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ സുഗമവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് നടത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണം ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. കുറ്റമറ്റ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം ഉണ്ടാകണം. ജാതി-മത സ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. കൊവിഡ്-ഹരിത പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ മാര്‍ഗ്ഗ നിര്‍ദേശങ്ങളും കൃത്യമായി പാലിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും കമ്മിറ്റികളും താഴെ തട്ടിലേക്ക് നിര്‍ദേശം നല്‍കണം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന വേളയില്‍ വരണാധികാരിയുടെ ഓഫീസിലേക്ക് മൂന്ന് പേര്‍ക്ക് മാത്രമേ പ്രവേശനാനുമതിയുള്ളൂ. സ്ഥാനാര്‍ത്ഥി, ഇലക്ഷന്‍ ഏജന്റ്, നാമനിര്‍ദേശകന്‍ എന്നിവര്‍ക്കാണ് പ്രവേശനാനുമതി. സാനാര്‍ത്ഥിക്ക് നിയമ സഹായം വേണ്ട ഘട്ടത്തില്‍ അഭിഭാഷകനും അനുവാദം നല്‍കും. സ്ഥാനാര്‍ത്ഥിയും കൂടെയുള്ളവരും കൊവിഡ് സാഹചര്യത്തില്‍ വീടുകള്‍ക്കുള്ളില്‍ പ്രവേശിച്ച് വോട്ടുഭ്യര്‍ത്ഥിക്കാന്‍ പാടില്ല. വയോധികരെയും അസുഖ ബാധിതരേയും വോട്ടിനായി നേരിട്ട് സമീപിക്കരുത്. തെരഞ്ഞെടുപ്പ് പ്രചാരണ സമയങ്ങളില്‍ മുഴുവനാളുകളും നിര്‍ബന്ധമായും മാസ്‌ക്ക് കൃത്യമായി ധരിക്കണം. കൃത്യമായ ഇടവേളകളില്‍ സാനിറ്റൈസേഷനും നടത്തണം. സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണം. പ്രായമായവരും കുട്ടികളും രോഗബാധിതരും പ്രചാരണത്തിനിറങ്ങരുത്. മാസ്‌ക്ക് ധരിക്കാത്തവരെ വോട്ടെടുപ്പ് ദിവസം യാതൊരു കാരണവശാലും പോളിംഗ് സ്റ്റേഷനുകളില്‍ പ്രവേശിപ്പിക്കില്ലെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

 

പോളിംഗ് സ്റ്റേഷനുകളില്‍ ഏജന്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ധരിക്കുന്ന മാസ്‌ക്കുകളില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങളോ ചിഹ്നങ്ങളോ ഉപയോഗിക്കാന്‍ പാടില്ല. പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മതിലുകളിലും ചുമരുകളിലും പോസ്റ്റര്‍ പതിക്കുകയോ ചുമരെഴുത്ത് നടത്തുകയോ റോഡില്‍ എഴുതുകയോ ചെയ്താല്‍ നടപടി സ്വീകരിക്കും. ജില്ലയിലെ 78 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ അവിടങ്ങളിലെ ഔദ്യോഗിക വാഹനങ്ങള്‍ ജനപ്രതിനിധികള്‍ ഉപയോഗിക്കാന്‍ പാടില്ല. എന്നാല്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രം ഉദ്യോഗസ്ഥര്‍ക്ക് ഉപയോഗിക്കാം. കാലാവധി കഴിയാത്ത തദ്ദേശ സ്ഥാപനങ്ങളില്‍ ഇതുബാധകമല്ല. എന്നാല്‍ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണ്. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ദുരിതാശ്വാസ നിധിയില്‍ നിന്നടക്കമുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ പാടില്ല. അതേസമയം തുടങ്ങിവെച്ച പദ്ധതി പ്രവൃത്തികള്‍ക്ക് തടസ്സമുണ്ടാകില്ല. തദ്ദേശ സ്ഥാപന നോട്ടീസ് ബോര്‍ഡുകളിലും കോമ്പൗണ്ടിലും സ്ഥാനാര്‍ത്ഥികളുടെ ചിഹ്നങ്ങള്‍ പതിക്കരുത്. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ അവരുടെ അനുവാദമില്ലാതെ പ്രചാരണം നടത്തരുത്. വോട്ടര്‍മാരെ സാമ്പത്തികമായും മറ്റും സ്വാധീനിക്കരുത്. മതപരമായും സാമുദായികമായും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തരുത്. ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രചാരണം പാടില്ല. കോടതി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പോലീസ് സ്റ്റേഷന്‍ പരിസരങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള പ്രചാരണം അനുവദനീയമല്ല. പ്രചാരണത്തിന് മൈക്ക് പെര്‍മിഷന്‍ നിര്‍ബന്ധമാണ്. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കി ക്രമസമാധാന പാലനം ഉറപ്പുവരുത്താനാവശ്യമായ നടപടികള്‍ കൈക്കൊള്ളും. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ പൂര്‍ണമായും വിവിധ സ്‌ക്വാഡുകള്‍ നിരീക്ഷിക്കും. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പോലീസ് ഇടപെടും. ഇതിന്റെ ഭാഗമായി ഓരോ മേഖലയിലും പോലീസ് പട്രോളിംഗ് ശക്തമാക്കും. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ജില്ലയുടെ മലയോര മേഖലയില്‍ പ്രത്യേക നിരീക്ഷണമുണ്ടാകും. കണക്കില്‍പ്പെടാത്ത പണം, ആയുധങ്ങള്‍ എന്നിവയുടെ കൈമാറ്റം തടയുന്നതിനായി വാഹന പരിശോധനയും ഉണ്ടാകും. സാമൂഹിക മാധ്യമങ്ങളിലും പ്രശ്‌ന ബാധിത മേഖലകളിലും കൃത്യമായ നിരീക്ഷണവും നടപടിയും തുടരും.

 

ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീം, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെഎസ് അജ്ഞു, അസിസ്റ്റന്റ് കലക്ടര്‍ വിഷ്ണു രാജ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ടി.ആര്‍ അഹമ്മദ് കബീര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ. എ രാജന്‍, സീനിയര്‍ സൂപ്രണ്ട് കെ സദാനന്ദന്‍, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ ഒ ജ്യോതിഷ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു