സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം: മൊബൈല്‍ ഫോണും കമ്പ്യൂട്ടറും പിടിച്ചെടുക്കും
മലപ്പുറം: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീം എന്നിവരുടെ നേത്യത്വത്തില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനം. സാമൂഹിക മാധ്യമങ്ങളില്‍ വര്‍ഗ്ഗീയ പരാമര്‍ശം, വ്യക്തിഹത്യ, അടിസ്ഥാന രഹിതമായ ആരോപണം, പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമല്ലാത്ത വ്യക്തിപരമായ കാര്യങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയവ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. ഇതിനായി ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുക്കും. ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡുകള്‍ നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീം പറഞ്ഞു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നിരീക്ഷിക്കാന്‍ സാമൂഹിക മാധ്യമങ്ങളില്‍ കൃത്യമായ നിരീക്ഷണം ഉണ്ടാകും. കൊവിഡ് പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം പ്രധാനമായും സാമൂഹിക മാധ്യമങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കുമെന്നതിനാലാണ് പോലീസിന്റെ മുന്നറിയിപ്പ്. തെരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും ജില്ലയില്‍ കൊവിഡ് കേസുകളുടെ നിരക്ക് വര്‍ധിക്കാതിരിക്കാന്‍ പോലീസ് ശക്തമായി ഇടപെടും. ഉദ്യോഗസ്ഥര്‍ തെരഞ്ഞടുപ്പ് ആവശ്യങ്ങല്‍ക്ക് വിളിച്ച് ചേര്‍ക്കുന്ന യോഗങ്ങളില്‍ പരമാവധി 40 പേര്‍ക്ക് പങ്കെടുക്കാം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നടപ്പാക്കുന്നതിനായി പോലീസ് നിരീക്ഷണമുണ്ടാകും. പ്രചാരണത്തിനായി മൈക്ക് പെര്‍മിഷന് അപേക്ഷ ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ അന്വേഷണം നടത്തി അനുമതി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കും