ബിവെറേജ് ജീവനക്കാര്‍ കടത്തിയത് കോടികളുടെ മദ്യം

കോടികളുടെ മദ്യം കാണാതാകുമ്പോഴും അതിന്റെ യഥാര്‍ത്ഥ ഉത്തരവാദിയെ കണ്ടെത്താനുള്ള സംവിധാനം ബെവ്‌കോയ്ക്കില്ല. മദ്യത്തിന്റെ പണം മാത്രം തിരിച്ചുപിടിക്കുന്നതിനാല്‍ മദ്യം കാണാതാകുന്നത് ഓരോ കൊല്ലവും കൂടുകയാണ്

കോഴിക്കോട്: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ നിന്ന് ജീവനക്കാര്‍ മോഷ്ടിച്ച് കടത്തിയതും സ്റ്റോക്കില്‍ കാണാതായതും 33 കോടി രൂപയുടെ മദ്യമാണ്. മോഷണം പിടിക്കപ്പെട്ടാലാകട്ടെ കാര്യമായ നടപടികളുമില്ല. കേരളത്തിലെ ബിവറേജ്‌സ് ഔട്ട്‌ലറ്റുകളില്‍ നടക്കുന്ന ക്രമക്കേടിന് വിവരാവകാശ രേഖകള്‍ തന്നെയാണ് തെളിവ്. വിവരവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയുടെ മറുപടിയിലാണ് ബിവറേജ്‌സ് കോര്‍പറേഷനില്‍ നടക്കുന്ന ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്ളത്. സംസ്ഥാന ഖജനാവിലേക്ക് ഏറ്റവുമധികം നികുതി സംഭാവന ചെയ്യുന്ന ബിവറേജസ് കോര്‍പറേഷനില്‍ നിന്ന് മോഷണം പോകുന്ന അഥവാ കാണാതാകുന്ന മദ്യത്തിന്റെ കണക്ക് വര്‍ഷം തോറും ഉയരുകയാണ്. 2010 ല്‍ രണ്ട് കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ ഔട്ട്‌ലറ്റുകളില്‍ നിന്ന് കാണാതായതെങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ കണക്ക് ആറ് കോടിയായി ഉയര്‍ന്നു. എത്ര രൂപയുടെ മദ്യമാണോ നഷ്ടപ്പെട്ടത് അത് മാത്രം തിരിച്ചടച്ചാല്‍ ജീവനക്കാര്‍ക്ക് രക്ഷപ്പെടാമെന്നതാണ് ക്രമക്കേട് നടത്തുന്നവര്‍ അവസരമാക്കി മാറ്റുന്നത്.
കോടികളുടെ ക്രമക്കേട് തുടരുമ്പോഴും ഇതുവരെ ക്രിമിനല്‍ നടപടി സ്വീകരിച്ചത് വെറും ആറ് സംഭവങ്ങളില്‍ മാത്രമാണ്. ബാധ്യത വരുത്തിയ ഉദ്യോഗസ്ഥരില്‍ നിന്നും മദ്യത്തിന്റെ പണം ഈടാക്കുന്ന ബെവ്‌കോ പക്ഷേ മദ്യം വിറ്റില്ലെന്ന പേരില്‍ നികുതി സര്‍ക്കാരിലേക്ക് അടക്കുന്നുമില്ല. വില്‍ക്കാന്‍ സൂക്ഷിക്കുന്ന മദ്യത്തിന്റെ സ്റ്റോക്കില്‍ വരുന്ന കുറവിനെ ബെവ്‌കോ ലയബിലിറ്റി എന്നാണ് വിളിക്കുന്നത്. വര്‍ഷം രണ്ട് തവണയാണ് സ്റ്റോക്ക് പരിശോധിച്ച് ലയബിലിറ്റി കണക്കാക്കുന്നത്. സ്റ്റോക്കില്‍ കുറവ് കണ്ടെത്തിയാല്‍ എത്ര രൂപയുടെ മദ്യമാണോ കാണാതായത് അത്രയും രൂപ അവിടുത്തെ എല്ലാ ജീവനക്കാരും തുല്യമായി വീതിച്ച് ബെവ്‌കോയ്ക്ക് നല്‍കണം. കുറ്റം ചെയ്താലും ഇല്ലെങ്കിലും എത്ര രൂപയുടെ മദ്യമാണോ കാണാതായത് അത് മാത്രം തിരിച്ചടച്ചാല്‍ മതി.
മദ്യത്തിന്റെ വലിയൊരു ശതമാനം സര്‍ക്കാരിലേക്ക് അടക്കേണ്ട നികുതിയാണ്. എന്നാല്‍ ഇത്തരത്തില്‍ കുറവ് വരുന്ന മദ്യം വിറ്റതല്ല, കാണാതായതാണ് എന്ന ന്യായം പറഞ്ഞ് ബെവ്‌കോ തിരിച്ചുപിടിക്കുന്ന ഈ കോടികളില്‍ നിന്ന് ഒരു രൂപ നികുതി പോലും സര്‍ക്കാരിലേക്ക് അടക്കുന്നുമില്ല. പത്ത് വര്‍ഷത്തിനിടെ മദ്യം കാണാതായതിനെത്തുടര്‍ന്ന് ജീവനക്കാരില്‍ നിന്ന് തിരിച്ചുപിടിച്ച 33 കോടി രൂപ എങ്ങനെ ബെവ്‌കോ ചെലവഴിച്ചു എന്ന ചോദ്യത്തിന് ബെവ്‌കോയ്ക്ക് മറുപടിയുമില്ല. പലപ്പോഴും ആരാണ് മദ്യം കടത്തിക്കൊണ്ടുപോയതെന്നോ ആരാണ് യഥാര്‍ത്ഥ ഉത്തരവാദി എന്ന് അന്വേഷിക്കുന്നുപോലുമില്ല.
ആരെങ്കിലും ചെയ്ത കുറ്റത്തിന്റെ കൂട്ടുത്തരവാദിത്തം ഏല്‍ക്കേണ്ട ഗതികേടിലാണ് ബെവ്‌കോയില്‍ സത്യസന്ധമായി ജോലി ചെയ്യുന്ന ജീവനക്കാര്‍. കോടികളുടെ മദ്യം കാണാതാകുമ്പോഴും അതിന്റെ യഥാര്‍ത്ഥ ഉത്തരവാദിയെ കണ്ടെത്താനുള്ള സംവിധാനം ബെവ്‌കോയ്ക്കില്ല. മദ്യത്തിന്റെ പണം മാത്രം തിരിച്ചുപിടിക്കുന്നതിനാല്‍ മദ്യം കാണാതാകുന്നത് ഓരോ കൊല്ലവും കൂടുകയാണ്