കെ. എം ബഷീറിന്റെ മരണം; സിസിടിവി ദൃശ്യങ്ങള്‍ കൈവശമില്ലെന്ന് അന്വേഷണ സംഘം

മാധ്യമപ്രവര്‍ത്തകന്‍ കെ. എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ആവശ്യപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങള്‍ കൈവശമില്ലെന്ന് അന്വേഷണ സംഘം. ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആര്‍ നേരത്തേ സമര്‍പ്പിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. രേഖയായി സമര്‍പ്പിക്കേണ്ട ഡിവിആര്‍ കോടതിയില്‍ നല്‍കിയത് തൊണ്ടിമുതലായി. ഇതോടെ ഡിവിആറിലെ ദൃശ്യങ്ങള്‍ പ്രതികള്‍ക്ക് ലഭിക്കാന്‍ കാലതാമസമുണ്ടാകും.
കഴിഞ്ഞ ദിവസം കേസ് കോടതി പരിഗണിച്ചപ്പോഴാണ് പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ അപകട ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേസ് കോടതി വീണ്ടും പരിഗണിച്ചപ്പോഴാണ് ദൃശ്യങ്ങള്‍ കൈവശമില്ലെന്ന് അന്വേഷണ സംഘം അറിയിച്ചത്. നിലവില്‍ തൊണ്ടിമുതലായിരിക്കുന്ന ദൃശ്യങ്ങള്‍ രേഖയായി മാറ്റി സമര്‍ച്ചില്‍ മാത്രമേ പ്രതികള്‍ക്ക് കൈമാറാന്‍ സാധിക്കൂ. ദൃശ്യങ്ങള്‍ കൈമാറാന്‍ എതിര്‍പ്പില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ നടപടിയുണ്ടാകുമെന്നാണ് വിവരം