തിരുവനന്തപുരത്ത് ഓൺലൈൻ തട്ടിപ്പ്

ലാപ്‌ടോപ്പ് ബുക്ക് ചെയ്‌ത യുവാവിന് 3.20 ലക്ഷം രൂപയാണ് നഷ്‌ടമായത്.

തലസ്ഥാനത്ത് വീണ്ടും ഓൺലൈൻ തട്ടിപ്പ്. ഓൺലൈനായി ലാപ്ടോപ്പ് ബുക്ക് ചെയ്‌ത തിരുവനന്തപുരം സ്വദേശിക്ക് 3.20 ലക്ഷം രൂപ നഷ്ടമായി. പ്രമുഖ ഇ കൊമേഴ്‌സ് സൈറ്റ് വഴിയാണ് ഐ ടി പ്രൊഫഷൽ ആയ യുവാവ് ലാപ്ടോപ്പ് ബുക്ക് ചെയ്‌തത്. അമേരിക്കയിൽ നിന്നും കൊറിയറായി അയച്ചു നൽകാമെന്ന് തട്ടിപ്പുകാർ അറിയിച്ചു. മുൻകൂർ പണവും ആവശ്യപ്പെട്ടു. തുടർന്ന് അവർ പറഞ്ഞ വിവിധ അക്കൗണ്ടുകളിൽ യുവാവ് പണം നിക്ഷേപിച്ചു. എന്നാൽ പണം നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും ലാപ്ടോപ്പ് ലഭിച്ചില്ല. പിന്നാലെ കൂടുതൽ പണം നൽകിയാലെ ലാപ്ടോപ്പ് നൽകൂവെന്ന് പറഞ്ഞ് തട്ടിപ്പുകാർ വാട്‌സ് ആപ്പ് സന്ദേശം അയച്ചു. ഇതിൽ സംശയം തോന്നിയ യുവാവ് സൈബർ ക്രൈം പൊലീസിൽ പരാതി നൽകുകയായിരുന്നു.

സൈബർ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തിൽ നിരവധി ഐ ടി ജീവനക്കാർ തട്ടിപ്പിനിരയായതായി കണ്ടെത്തി. തിരുവനന്തപുരം ജില്ലയിൽ മാത്രം ലക്ഷക്കണക്കിന് രൂപയാണ് സമാന രീതിയിൽ നഷ്ടമായത്. ഇ- കൊമേഴ്‌സ് സൈറ്റുകൾ, ജോബ്, വിൽപന വെബ് സൈറ്റുകൾ വഴിയുള്ള തട്ടിപ്പ് വർധിച്ചു വരികയാണെന്ന് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം എസിപിടി ശ്യാംലാൽ പറഞ്ഞു. ഓൺലൈനിലൂടെ പണം കൈമാറ്റം ചെയ്യുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു