കാമുകിയെ ശകാരിച്ചതിന് കൊട്ടേഷൻ; ഒളിവിൽപോയ പ്രതികൾ അറസ്റ്റിൽ.

അങ്കമാലി: കാമുകിയെ ശകാരിച്ചതിന് ആശുപത്രി മാനേജരെ വീട്ടിൽക്കയറി മർദിച്ച സംഭവത്തിൽ മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ. ക്വട്ടേഷൻ സംഘാംഗങ്ങളായ കുറുപ്പംപടി മുടക്കുഴ സ്വദേശി ശ്രീജിത്ത്(23) പുല്ലുവഴി രായമംഗലം സ്വദേശി പ്രവീൺ(20) വെങ്ങോല അറക്കപ്പടി സ്വദേശി യദുകൃഷ്ണൻ(24) എന്നിവരെയാണ് അങ്കമാലി പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയും ആശുപത്രിയിലെ ജീവനക്കാരനുമായ ജിബുവിനെയും ക്വട്ടേഷൻ സംഘാംഗങ്ങളായ മറ്റ് മൂന്ന് പേരെയും ദിവസങ്ങൾക്ക് മുമ്പ് പിടികൂടിയിരുന്നു.

 

സഹപ്രവർത്തകയായ കാമുകിയെ ആശുപത്രിയിലെ മാനേജർ ശകാരിച്ചതിന് പ്രതികാരമായാണ് ജിബു ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തത്. തുടർന്ന് ക്വട്ടേഷൻ സംഘാംഗങ്ങളായ മറ്റ് പ്രതികൾ മാനേജരെ വീട്ടിൽക്കയറി മർദിക്കുകയായിരുന്നു. മാനേജറുടെ ഏഴ് പവന്റെ സ്വർണമാലയും ഇവർ കവർന്നിരുന്നു.

 

വ്യാഴാഴ്ച അറസ്റ്റിലായ ശ്രീജിത്ത് അടിപിടി കേസിലും പ്രവീൺ മോഷണ കേസിലും യദുകൃഷ്ണൻ കഞ്ചാവ് കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ജിബുവിനെ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തതോടെ മൂവരും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആക്കി ഒളിവിൽപോവുകയായിരുന്നു. നാട്ടിൽനിന്നും മുങ്ങിയ മൂവരും കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ വയനാട്ടിൽനിന്നാണ് പിടിയിലായത്.