പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതാണ് ധാര്‍മികത: കെ പി എ മജീദ്
കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനം ഒഴിഞ്ഞത് വൈകി ഉദിച്ച വിവേകമെന്ന് മുസ്ലിം ലീഗ് നേതാവ് കെ പി എ മജീദ്. കോടിയേരിയുടെ മകന്‍ ജയിലില്‍ ആണ്. ഈ ഘട്ടത്തില്‍ പോലും പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ലഭിച്ചില്ലെന്നും കെ പി എ മജീദ് ചൂണ്ടിക്കാട്ടി.
പാര്‍ട്ടിക്ക് പിടിയില്ലാത്ത രീതിയില്‍ ആണ് ഗവണ്‍മെന്റ് പോകുന്നത്. കോടിയേരി മുന്‍പും ചികിത്സയ്ക്ക് പോയിട്ടുണ്ട്, അപ്പോഴൊന്നും പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ലെന്നും കെ പി എ മജീദ് പറഞ്ഞു. കണ്ണൂര്‍ ലോബിയെ മറികടന്ന വിജയരാഘവന് എത്ര കണ്ട് വിജയിക്കാന്‍ ആകുമെന്ന് കണ്ടറിയണമെന്നും പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതാണ് ധാര്‍മികതയെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് മലപ്പുറത്ത് പറഞ്ഞു.
അതേസമയം കോടിയേരി ബാലകൃഷ്ണന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. പകരം താത്കാലിക ചുമതല എ. വിജയരാഘവന്‍ നിര്‍വഹിക്കും. ആരോഗ്യ പരമായ കാരണങ്ങളാല്‍ അവധി അനുവദിക്കണമെന്ന കോടിയേരിയുടെ അപേക്ഷ പരിഗണിച്ചാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം. വാര്‍ത്താക്കുറിപ്പിലൂടെയാണ് കോടിയേരി സെക്രട്ടറി സ്ഥാനമൊഴിയുന്ന കാര്യം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കിയത്.